ഇനി സാധാരണക്കാർക്കും ബഹിരാകാശം തൊടാം; പുതിയ പദ്ധതിയുമായി ഐഎസ്ആർഒ

പ്രതീകാത്മക എഐ ചിത്രം
ന്യൂഡൽഹി : ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിൽ നിർണായ ചുവടുവെപ്പിനൊരുങ്ങി ഐഎസ്ആർഒ. ദീർഘകാല ബഹിരാകാശ പദ്ധതികളുടെ ഭാഗമായി സൈനിക ടെസ്റ്റ് പൈലറ്റുമാരെ മാത്രം ആശ്രയിക്കുന്ന രീതിയിൽ നിന്ന് മാറി സാധാരണ പൗരന്മാർക്കും ബഹിരാകാശ യാത്രികരാകാൻ ഐഎസ്ആർഒ അവസരമൊരുക്കുന്നു.
ബഹിരാകാശ യാത്രികരുടെ തിരഞ്ഞെടുക്കുകയും അവരുടെ ഔദ്യോഗിക കാര്യങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഐഎസ്ആർഒയുടെ പ്രത്യേക കമ്മിറ്റി രണ്ടാമത്തെ ബാച്ചിൽ സൈനിക ഉദ്യോഗസ്ഥരെയും സിവിലിയൻമാരെയും ഉൾപ്പെടുത്തണമെന്ന് ശുപാർശ ചെയ്താതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പുതിയതായി നിർദേശിച്ചിട്ടുള്ള പത്തംഗ സംഘത്തിൽ, സൈനിക പശ്ചാത്തലമുള്ള ആറ് മിഷൻ പൈലറ്റുമാരും ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം (STEM) എന്നീ മേഖലകളിൽ പ്രാഗല്ഭ്യമുള്ള നാല് സാധാരണക്കാരും ഉൾപ്പെടാനാണ് സാധ്യത.
ഗഗൻയാൻ ദൗത്യത്തിനായി ആദ്യ ബാച്ചിനെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. ആദ്യ ബാച്ചിൽ എയർ കമ്മഡർ പ്രശാന്ത് നായർ, ഗ്രൂപ്പ് ക്യാപ്റ്റന്മാരായ ശുഭാൻഷു ശുക്ല, അജിത് കൃഷ്ണൻ, അംഗദ് പ്രതാപ് എന്നിവരാണുള്ളത്. ഇവരെല്ലാം ഇന്ത്യൻ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റുമാരാണ്.
രണ്ടാമത്തെ ബാച്ചിലേക്ക് കോംബാറ്റ് ഹെലികോപ്റ്റർ പൈലറ്റുമാരെയും ഉൾപ്പെടുത്തിക്കൊണ്ട് സൈനിക വിഭാഗത്തിൽ നിന്നുള്ള നിയമനം വ്യാപിപ്പിക്കാനും ഐഎസ്ആർഒ പദ്ധതിയിടുന്നുണ്ട്. ബഹിരാകാശ യാത്രികരുടെ സംഘത്തിൽ പ്രവർത്തനപരമായി അനുഭവസമ്പത്തുള്ളവരെ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം.
സാധാരണക്കാരെ ഉൾപ്പെടുത്തുന്നതോടെ ഐഎസ്ആർഒയുടെ മുൻഗണന മാറുന്നു എന്നു വേണം മനസിലാക്കാൻ. ഗഗൻയാൻ ദൗത്യത്തിന്റെ പ്രാരംഭ ഘട്ടങ്ങളിൽ മനുഷ്യ ബഹിരാകാശ യാത്രയ്ക്ക് ആവശ്യമായ നിർണായക സാങ്കേതികവിദ്യകളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ ഇതിന് പിന്നാലെ ബഹിരാകാശത്ത് ദീർഘകാലം നിലയുറപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് ഐഎസ്ആർഒ ഇപ്പോൾ പദ്ധതിയിടുന്നത്.
ബഹിരാകാശ മനുഷ്യ ദൗത്യങ്ങൾ, ശാസ്ത്ര ഗവേഷണങ്ങൾ, ഇന്ത്യയുടെ ബഹിരാകാശ നിലയമായ 'ഭാരതീയ അന്തരീക്ഷ സ്റ്റേഷ'നിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന ദൗത്യങ്ങളിലെ പങ്കാളിത്തം എന്നിവ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും സാധാരണക്കാരെ ഉൾപ്പെടുത്തിയുള്ള ബഹിരാകാശ ദൗത്യം വൈകാനാണ് സാധ്യത.
ഗഗൻയാൻ ദൗത്യത്തിന്റെ നാലാമത്തെ മനുഷ്യ ബഹിരാകാശ ദൗത്യത്തിന് ശേഷം മാത്രമേ സാധാരണക്കാരായ ബഹിരാകാശ യാത്രികർ മിഷൻ സംഘത്തിൽ ഉൾപ്പെടാൻ സാധ്യതയുള്ളൂ.
സാങ്കേതിക ക്രമീകരണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പൂർണമായും പ്രവർത്തനസജ്ജമാകുന്നതുവരെ തുടക്കത്തിലുള്ള ദൗത്യങ്ങളിൽ സൈനിക പരിശീലനം ലഭിച്ച യാത്രികരായിരിക്കും സംഘത്തിലുണ്ടാവുക.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ എണ്ണം വർധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ് ഈ പുതിയ മാറ്റം. പ്രതിവർഷം രണ്ട് മനുഷ്യ ബഹിരാകാശ ദൗത്യങ്ങൾ വീതം നടത്താനും, ഒരിക്കൽ പോയ യാത്രികർക്ക് ഏകദേശം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ബഹിരാകാശത്തേക്ക് പോകാൻ അവസരം ലഭിക്കുന്നതിനുമുള്ള പദ്ധതികൾ ഐഎസ്ആർഒ നടത്തി വരികയാണ്.
ബഹിരാകാശ ദൗത്യത്തിലേക്കള്ള തിരഞ്ഞെടുപ്പ്, പരിശീലനം, ദൗത്യത്തിനുള്ള തയ്യാറെടുപ്പ് എന്നിവയടങ്ങുന്ന ഒരു പൂർണ ഘട്ടം പൂർത്തിയാക്കാൻ ഏകദേശം നാലര വർഷം എടുക്കുമെന്നാണ് കണക്കാക്കുന്നത്.
ഭാവിയിൽ യാത്രികരുടെ എണ്ണവും, സംഘങ്ങളുടെ എണ്ണവും വർധിപ്പിക്കാൻ ഐഎസ്ആർഒക്ക് പദ്ധതിയുണ്ട്. ഏഴാമത്തെ ദൗത്യം മുതൽ ഗഗൻയാൻ ക്രൂ മോഡ്യൂളിലെ മാറ്റങ്ങളിലൂടെ ഒരു യാത്രയിൽ അയക്കാവുന്നവരുടെ എണ്ണം രണ്ടിൽ നിന്ന് മൂന്നായി ഉയരാം. വരാനിരിക്കുന്ന ബാച്ചുകളിൽ സിവിലിയൻ സ്പെഷ്യലിസ്റ്റുകൾക്കായിരിക്കും കൂടുതൽ മുൻഗണന നൽകുക. മൂന്നാമത്തെ ബാച്ചിൽ പത്ത് സിവിലിയൻ സ്പെഷ്യലിസ്റ്റുകളെയും രണ്ട് മിഷൻ പൈലറ്റുമാരെയും മാത്രമ ഉൾപ്പെടുത്താനും പദ്ധതിയുണ്ട്.
ബഹിരാകാശ യാത്രികർക്കായി ഒരു സ്ഥിരം പരിശീലന കേന്ദ്രം സ്ഥാപിക്കാൻ ഐഎസ്ആർഒക്ക് ഇതുവരെ സാധിച്ചിട്ടില്ല. നിലവിൽ ഒരു താല്കാലിക കേന്ദ്രത്തെയാണ് ഏജൻസി ആശ്രയിക്കുന്നത്.
സാങ്കേതികമായ തടസങ്ങളും ഒരു ബുദ്ധിമുട്ടായി തുടരുന്നു. ബഹിരാകാശത്ത് ജീവൻ നിലനിർത്താൻ അത്യാവശ്യമായ എൻവയോൺമെന്റ് കൺട്രോൾ ആൻഡ് ലൈഫ് സപ്പോർട്ട് സിസ്റ്റം (ഇസിഎൽഎസ്എസ്) പോലുള്ള നിർണായക സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ രാജ്യം ഇനിയും മുന്നേറാനുണ്ട്. എന്നിരുന്നാലും ഭൂമിക്കപ്പുറം ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധാരണക്കാരെ ഉൾപ്പെടുത്താനുള്ള നീക്കം ഒരു വഴിത്തിരിവാണ്.










0 comments