ഗഗൻയാത്രികരുടെ സുരക്ഷിത മടക്കം ഉറപ്പാക്കി ഐഎസ്ആർഒ; പാരച്യൂട്ട് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി

പ്രതീകാത്മക ചിത്രം
ശ്രീഹരിക്കോട്ട : ഇന്ത്യയുടെ പ്രഥമ മനുഷ്യ ബഹിരാകാശ ദൗത്യമായ 'ഗഗൻയാന്റെ' സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഐഎസ്ആർഒ. ബഹിരാകാശത്തുനിന്ന് ഗഗൻയാത്രികർ തിരികെ ഭൂമിയിലേക്ക് എത്തുമ്പോൾ സുരക്ഷിതമായി കടലിൽ ഇറങ്ങുന്നതിനുള്ള 'ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ്' വിജയകരമായി പൂർത്തിയാക്കി. വെള്ളിയാഴ്ച ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലായിരുന്നു പരീക്ഷണം. ഏകദേശം 5.7 ടൺ ഭാരമുള്ള ക്രൂമോഡ്യൂളിന്റെ മാതൃക ഇന്ത്യൻ വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്ററിൽ മൂന്ന് കിലോമീറ്റർ ഉയരത്തിലെത്തിച്ച ശേഷമാണ് ബംഗാൾ ഉൾക്കടലിലേക്ക് സ്വതന്ത്രമായി വിട്ടത്.
ഗഗൻയാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്ന പത്ത് പാരച്യൂട്ടുകളുടെ പ്രവർത്തനമാണ് ഈ ഘട്ടത്തിൽ പ്രധാനമായും നിരീക്ഷിച്ചത്. നാല് വ്യത്യസ്ത വിഭാഗങ്ങളിലായുള്ള ഈ പാരച്യൂട്ടുകൾ മുൻകൂട്ടി നിശ്ചയിച്ച ക്രമത്തിൽ വിരിഞ്ഞ് പേടകത്തിന്റെ വേഗത ഘട്ടംഘട്ടമായി കുറച്ചു. ആകാശത്ത് പത്ത് പാരച്യൂട്ടുകൾ ഒന്നിച്ച് വിരിഞ്ഞപ്പോൾ അത് മനോഹരമായ ഒരു 'സെലസ്റ്റിയൽ രംഗോലി' പോലെയാണ് അനുഭവപ്പെട്ടതെന്ന് ഐഎസ്ആർഒ വിശേഷിപ്പിച്ചു. ഗഗൻയാന്റെ ആദ്യ ആളില്ലാ ദൗത്യത്തിന് മുന്നോടിയായുള്ള ഈ പരീക്ഷണം പൂർണ്ണ വിജയമായത് ഇന്ത്യയുടെ ബഹിരാകാശ മോഹങ്ങൾക്ക് വലിയ കരുത്താണ് പകരുന്നത്.










0 comments