ad
Deshabhimani

കുതിക്കാൻ 'ബാഹുബലി'; ഇന്ത്യ വിക്ഷേപിക്കുന്ന ഏറ്റവും വലിയ ഉപഗ്രഹം 'ബ്ലൂബേർഡ്-6' നാളെ ഭ്രമണപഥത്തിലേക്ക്

Bahubali.jpg
വെബ് ഡെസ്ക്

Published on Dec 23, 2025, 09:55 PM | 1 min read

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ മണ്ണിൽ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ 'ബ്ലൂബേർഡ്-6' നാളെ ഭ്രമണപഥത്തിലേക്ക്. ഇന്ത്യയുടെ 'ബാഹുബലി' എന്ന് പേരിട്ടിരിക്കുന്ന റോക്കറ്റാണ് ഉപഗ്രഹവും വഹിച്ച് കുതിക്കുന്നത്.


ഏകദേശം 6,500 കിലോഗ്രാം (6.5 ടൺ) ഭാരമുള്ള ബ്ലൂബേർഡ്-6, ലോ എർത്ത് ഓർബിറ്റിലേക്ക് വിക്ഷേപിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ ആശയവിനിമയ ഉപഗ്രഹം കൂടിയാണ്. നാളെ (ഡിസംബർ 24) രാവിലെ 8:54-നാണ് ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ വിക്ഷേപണ പാഡിൽ നിന്ന് റോക്കറ്റ് കുതിച്ചുയരുക.


വിക്ഷേപണത്തിനായുള്ള 24 മണിക്കൂർ കൗണ്ട്ഡൗൺ ഇന്ന് രാവിലെ ആരംഭിച്ചു. ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുത്തിട്ടുള്ള എൽവിഎം 3 റോക്കറ്റിന്റെ ആറാമത്തെ വിജയകരമായ ഓപ്പറേഷണൽ ഫ്ലൈറ്റാണിത്.


ബഹിരാകാശത്തുനിന്ന് നേരിട്ട് സ്മാർട്ട്ഫോണുകളിലേക്ക് 4 ജി, 5 ജി ഹൈസ്പീഡ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക എന്നതാണ് ബ്ലൂബേർഡ് ഉപഗ്രഹങ്ങളുടെ ലക്ഷ്യം. ഇതിനായി 2,400 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കൂറ്റൻ ആന്റിനകളാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.


സാധാരണ മൊബൈൽ ടവറുകൾ ഇല്ലാത്ത മേഖലകളിലും ഇനി മൊബൈൽ റേഞ്ച് ലഭ്യമാകും. മുൻപ് ഇന്ത്യ വിക്ഷേപിച്ച വൺവെബ് ഉപഗ്രഹങ്ങളേക്കാൾ ഭാരമേറിയതാണ് ബ്ലൂബേർഡ്-6.


ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് വഴിയാണ് ഈ കരാർ യാഥാർത്ഥ്യമായത്. ചന്ദ്രയാൻ-2, ചന്ദ്രയാൻ-3 ദൗത്യങ്ങളെ വിജയകരമായി ലക്ഷ്യസ്ഥാനത്തെത്തിച്ച എൽവിഎം 3 റോക്കറ്റിന്റെ വിശ്വസ്തത ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഈ ദൗത്യം.


ലോകത്തെ വൻകിട ബഹിരാകാശ ഏജൻസികളോട് കിടപിടിക്കുന്ന വിക്ഷേപണ സൗകര്യങ്ങൾ ഇന്ത്യയ്ക്കുണ്ടെന്ന് ഈ അന്താരാഷ്ട്ര സഹകരണം അടിവരയിടുന്നു. വിക്ഷേപണത്തിന്റെ തത്സമയ ദൃശ്യങ്ങൾ ഐഎസ്ആർഒയുടെ ഔദ്യോഗിക വെബ്സൈറ്റിലും യൂട്യൂബ് ചാനലിലും ലഭ്യമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home