കുതിപ്പിനൊരുങ്ങി ഐഎസ്ആർഒ; ഇന്ത്യൻ ബഹിരാകാശ നിലയം വേഗത്തിലാക്കും, അണിയറയിൽ 80 ഉപഗ്രഹങ്ങൾ

ന്യൂഡൽഹി: സ്വന്തം ബഹിരാകാശ നിലയം എന്ന ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ 'ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ' നിർമ്മാണ പ്രവർത്തനങ്ങൾ ഐഎസ്ആർഒ വേഗത്തിലാക്കുന്നു. വരും വർഷങ്ങളിൽ വിക്ഷേപിക്കാനായി 80 ഉപഗ്രഹങ്ങളാണ് നിലവിൽ അണിയറയിൽ ഒരുങ്ങുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു.
ബഹിരാകാശ രംഗത്ത് ആഗോള തലത്തിൽ ഇന്ത്യയുടെ സ്വാധീനം വർധിപ്പിക്കുകയാണ് ലക്ഷ്യം. 2028-ഓടെ ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂൾ വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. 2035-ഓടെ നിലയം പൂർണ്ണ സജ്ജമാകും. നിലവിൽ ഗഗൻയാൻ ദൗത്യത്തിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ ആവശ്യങ്ങൾക്കായി 80 ഉപഗ്രഹങ്ങളാണ് വിക്ഷേപണത്തിനായി തയ്യാറെടുക്കുന്നത്. വാർത്താവിനിമയം, കാലാവസ്ഥാ നിരീക്ഷണം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ ഇവ നിർണ്ണായകമാകും. നിലവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം, ചൈനയുടെ ടിയാൻഗോങ് എന്നിവ മാത്രമാണ് ഭ്രമണപഥത്തിലുള്ളത്.
ഈ നിരയിലേക്കാണ് ഇന്ത്യയുടെ ഭാരതീയ അന്തരീക്ഷ സ്റ്റേഷനും എത്തുന്നത്. ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിൽ എത്തിക്കുന്ന ചന്ദ്രയാൻ 4 ദൗത്യത്തിനുള്ള പ്രവർത്തനങ്ങളും സജീവമായി നടക്കുന്നുണ്ട്.
സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കി ബഹിരാകാശ സാങ്കേതിക വിദ്യയിൽ വൻ മുന്നേറ്റം നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ അഞ്ച് മടങ്ങ് വർധിപ്പിക്കാനുള്ള പദ്ധതികൾക്കും ഐഎസ്ആർഒ തുടക്കം കുറിച്ചുകഴിഞ്ഞു.










0 comments