ad
Deshabhimani

"ഐഎസ്ആർഒയ്ക്ക് മാത്രമായി ചെയ്തുതീർക്കാനാവില്ല"; സ്വകാര്യവത്കരണത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ ചെയർമാൻ

V Narayanan

വി നാരായണൻ

വെബ് ഡെസ്ക്

Published on Sep 07, 2026, 03:15 PM | 2 min read

ബംഗളൂരു: ജീവനക്കാരും തൊഴിലാളികളും ശക്തമായ പ്രതിഷേധം തുടരുമ്പോഴും ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കാനുള്ള നടപടികളുമായി മുന്നോട്ടെന്ന് സൂചന നൽകി വി നാരായണൻ. ഉപഗ്രഹങ്ങളുടെയും വിക്ഷേപണങ്ങളുടെയും വർധിച്ചുവരുന്ന ആവശ്യം ഐഎസ്ആർഒയ്ക്ക് മാത്രമായി ചെയ്തുതീർക്കാനാവില്ല എന്ന് ചെയർമാൻ പറഞ്ഞു. രാജ്യത്തിന്റെ ബഹിരാകാശ മേഖലയെ കൂടുതൽ വിപുലീകരിക്കുന്നതിനായി വ്യവസായ സ്ഥാപനങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും പങ്കാളിത്തം ഉണ്ടാകണമെന്നും ബം​ഗളൂരു സ്പേസ് എക്സ്പോയിൽ വി നാരായണൻ ആവശ്യപ്പെട്ടു.


അടുത്ത 6-7 വർഷത്തിനുള്ളിൽ കുറഞ്ഞത് 200 മുതൽ 300 വരെ ഉപഗ്രഹങ്ങൾ നിർമ്മിച്ച് വിക്ഷേപിക്കേണ്ടതുണ്ട്. ഇത് ഐഎസ്ആർഒയ്ക്ക് മാത്രമായി ചെയ്യാൻ കഴിയില്ല. സ്വകാര്യ പങ്കാളിത്തം സാധ്യമാക്കാൻ സർക്കാർ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും ചെയർമാൻ വ്യക്തമാക്കി. ബഹിരാകാശ ഗവേഷണരംഗത്ത്‌ രാജ്യത്തിന്‌ അഭിമാനമായ ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങളിൽ കുടത്ത പ്രതിഷേധം തുടരുമ്പോഴാണ് ചെയർമാന്റെ പ്രതികരണം.


സ്വകാര്യവത്കരണത്തിലൂടെ സ്ഥാപനത്തെ തകർക്കുന്ന നീക്കങ്ങളിൽനിന്ന്‌ പിന്മാറണമെന്നാവശ്യപ്പെട്ടും ഇക്കാര്യത്തിൽ വ്യക്തത തേടിയും ഒൻപത്‌ പ്രമുഖ സംഘടനകൾ ചെയർമാൻ വി നാരായണന്‌ കത്ത്‌ നൽകിയിരുന്നു. വിക്ഷേപണ കേന്ദ്രങ്ങളടക്കം അടിസ്ഥാന സ‍ൗകര്യങ്ങളും റോക്കറ്റ്‌, ഉപഗ്രഹ നിർമാണവും സ്വകാര്യമേഖലക്ക്‌ കൈമാറുന്നത്‌ ആശങ്കാജനകമാണെന്ന്‌ കത്തിൽ പറഞ്ഞു. രാജ്യത്തിന്റെ സ്വത്തായ ഗവേഷണ സംവിധാനങ്ങളും സാങ്കേതികവിദ്യകളും വിക്ഷേപണ സ‍ൗകര്യങ്ങളും സ്വകാര്യ മേഖലയ്‌ക്ക്‌ കൈമാറി ഐഎസ്ആർഒയെ കേവലം ഗവേഷണ സ്ഥാപനമാക്കി ചുരുക്കുന്നത്‌ അംഗീകരിക്കാനാകില്ല. ഐഎസ്ആർഒ ഇനി വിക്ഷേപണ വാഹനങ്ങൾ നിർമിക്കില്ലെന്ന്‌ ബഹിരാകാശ വകുപ്പിന്റെ നോഡൽ ഏജൻസി ഇൻ-സ്‌പേസിന്റെ ചെയർമാൻ പവൻ ഗോയങ്കെ പ്രഖ്യാപിച്ചിട്ടുണ്ട്‌.


കോടികൾ ചെലവിട്ട്‌ കുലശേഖരപട്ടണത്ത്‌ നിർമിച്ച വിക്ഷേപണ സമുച്ചയം സ്വകാര്യവൽക്കരിക്കുകയാണ്‌. 120ഓളം സാങ്കേതിക വിദ്യകളും കൈമാറി. പിഎസ്എൽവി, എൽവിഎം-3, എസ്എസ്എൽവി തുടങ്ങിയവയുടെ രൂപകൽപ്പന, നിർമാണം, വിക്ഷേപണം എന്നിവ ഇനി ഐഎസ്ആർഒയുടെ ചുമതലയിലുണ്ടാകുമോ എന്ന് വ്യക്തമാക്കണം. ബഹിരാകാശ- പ്രതിരോധ രഹസ്യങ്ങളുമായി ബന്ധപ്പെട്ട നിർമാണങ്ങളും മറ്റും സ്വകാര്യവൽക്കരിക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കും. പ്രധാന പ്രവർത്തനങ്ങളിൽനിന്ന്‌ ഐഎസ്ആർഒ പിൻമാറുന്നതോടെ ശാസ്‌ത്രജ്ഞരടക്കമുള്ളവരുടെ തസ്‌തികകൾ കുറയും. സ്ഥാനക്കയറ്റത്തെയും നിയമനങ്ങളെയും ബാധിക്കും. ഐഎസ്ആർഒ സ്റ്റാഫ് അസോസിയേഷൻ, ഷാർ എംപ്ലോയിസ്‌ അസോസിയേഷൻ, ഐസാക്ക്‌ എംപ്ലോയീസ്‌ അസോസിയേഷൻ, ഐഎസ്‌ആർഒ സ്റ്റാഫ്‌ അസോസിയേഷൻ എൽപിഎസ്‌സി/ബിബിയു/ഐപിആർസി, എൻആർഎസ്‌എ എംപ്ലോയിസ്‌ യൂണിയൻ, സ്‌പേസ്‌ എംപ്ലോയീസ്‌ അസോസിയേഷൻ ബിബിയു, എസ്എസി എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ എന്നിവയാണ്‌ കത്ത്‌ നൽകിയത്‌.


സ്വകാര്യവൽക്കരണത്തിനെതിരെ ഐഎസ്‌ആർഒ മുൻ ചെയർമാർ ജി മാധവൻ നായർ പരസ്യമായി പ്രതികരിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home