ഗൈറോങ് ലാൻഡ് പോര്‍ട്; പ്രളയം തകര്‍ത്തത് ചൈന നേപ്പാൾ വ്യാപാരത്തിലെ 30 ശതമാനം കടന്നുപോയ കവാടം

ഗൈറോങ് ലാൻഡ് പോര്‍ട്; ഇപ്പോൾ ഇതൊരു ചളി കൂമ്പാരമായി മാറിയിരിക്കുന്നു
ലാസ:സമീപകാലത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തം വിതച്ച നാശത്തിൽ നിന്നും കരകയറുക നേപ്പാളിന് മുന്നിൽ വലിയ വെല്ലുവിളിയാവും. അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ച ദീര്‍ഘകാല പ്രതിസന്ധിയായി തുടരും. ദുരന്തത്തിന് ഇരയായ ആയിരക്കണക്കിന് മനുഷ്യരുടെ ഉറ്റവരും ആശ്രിതരും മരണപ്പെട്ടവരെക്കാൾ എത്രയോ മടങ്ങാണ്. നേപ്പാളിന്റെ ജിഡിപിയുടെ പത്ത് ശതമാനത്തോളം വരുന്ന നാശനഷ്ടമാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.
ഇതോടൊപ്പം ചൈനയ്ക്ക് മേലും പ്രകൃതി നൽകിയ താക്കീത് വെല്ലുവിളി തീര്‍ക്കും. ഇതിൽ ഏറ്റവും പ്രധാനമായ നഷ്ടം ഗൈറോങ് ലാൻഡ് പോര്‍ടിന്റെ തകര്‍ച്ചയാണ്. ചൈന നേപ്പാൾ പര്‍വ്വതപാതയുടെ അതിര്‍ത്തിയിലെ മുഖ്യ കവാട പ്രദേശമാണ് ഇത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന്റെ 30 ശതാനം ഇതുവഴി ആയിരുന്നു. ഇതിനെ പൂര്‍ണ്ണമായും പ്രളയം വിഴുങ്ങി.
ചൈനയുടെ സ്വപ്ന പദ്ധതിയായ ബെൽറ്റ് റോഡ് ആൻഡ് ഇനിഷ്യേറ്റീവ് അഥവാ ബിആര്‍ഐ പദ്ധതിയെ ഇത് കടപുഴക്കി. ഹിമാലയൻ റെയിൽവേ ലൈൻ എന്നത് ചൈനയെ സംബന്ധിച്ച് വ്യാപരത്തിൽ മാത്രമല്ല യുദ്ധ തന്ത്രപരമായും പ്രധാനമായിരുന്നു. സമുദ്ര നിരപ്പിൽ നിന്ന് 1,800 മീറ്റര്‍ ഉയരത്തിലുള്ള അൽഭുത നിര്‍മ്മിതിയാണ് ഇത്.
ഓഗസ്റ്റ് 26-ന് നേപ്പാളിലെ വടക്കൻ ലാംഗ്താങ് മേഖലയിൽ കൂറ്റൻ മഞ്ഞമലയും പാറകളും തകര്‍ന്ന് വീണതാണ് ദുരന്തത്തിന് ഹേതുവായത്. ഇത് ലെൻഡെ ഖോല, ഭോട്ടേഖോശി, ത്രിശൂലി നദികളിൽ മിന്നൽ പ്രളയം തീര്‍ത്തു. ഗൈറോങ് കര തുറമുഖം തകര്‍ന്നതോടെ നഷ്ടമായത് കൈലാസ മാനസസരോവര യാത്രികരുടെ പാത കൂടിയാണ്. സാങ്മു-താതോപാനി പാതാ അതിര്‍ത്തി ഗേറ്റ് നിലനിൽക്കുന്നുണ്ട് എങ്കിലും ഇത് എപ്പോഴും പ്രകൃതി ദുരന്തങ്ങൾ വിതയ്ക്കുന്ന പ്രദേശമാണ്. സിക്കിമിലെ നാഥു ലാ, ഉത്തരാഖണ്ഡിലെ ലിപുലേഖ്, നേപ്പാളിലെ സിമികോട്ട്-ഹിൽസ എയർ റൂട്ട് എന്നിവയാണ് മറ്റ് ബദലുകൾ.
ഗൈറോങ് ലാൻഡ്പോര്‍ട് പ്രളയത്തിന് മുൻപുംശേഷവും.സാറ്റലൈറ്റ് ചിത്രം
പത്ത് വര്‍ഷത്തെ നിര്‍മ്മിതി
ട്രാൻസ്-ഹിമാലയൻ മൾട്ടി-ഡൈമൻഷണൽ കണക്റ്റിവിറ്റി നെറ്റ്‌വർക്കിൽ ഉൾപ്പെടുത്തിയാണ് ഈ ലാൻഡ് പോര്‍ട് വഴി റെയിൽ റോഡ് സൗകര്യങ്ങൾ ചൈന നിര്‍മ്മിച്ചത്. ചൈനയിലെ ടിബറ്റിലുള്ള ഷിഗാറ്റ്സെയിൽ നിന്ന് ഗൈറോങ് വരെ 550 കിലോമീറ്ററും, അവിടെനിന്ന് നേപ്പാളിലെ രസുവ നുവാകോട്ട് ജില്ലകൾ വഴി കാഠ്മണ്ഡു വരെ 72 കിലോമീറ്ററുമാണ് നിർദ്ദിഷ്ട പാത. ഈ ജില്ലകൾ മുഴുവൻ പ്രളയം വിഴുങ്ങിയ പ്രദേശങ്ങളാണ്.
ഒരു പാതയുടെ 85 ശതമാനവും തുരങ്കങ്ങളും പാലങ്ങളും എന്ന പ്രത്യേകതയാണ് ഈ മാര്‍ഗ്ഗത്തിനുള്ളത്. 2018 ൽ പദ്ധതി പ്രഖ്യാപിച്ചപ്പോൾ നേപ്പാളിന്റെ ആവര്‍ഷത്തെ മൊത്തം ബജറ്റിന്റെ അത്രയും ചെലവ് വരുന്ന പദ്ധതി എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇതിന്റെ തുടര്‍ച്ചയായി ചൈന നിര്‍മ്മിക്കുന്ന 27 വ്യോമതാവളങ്ങൾ, 17 റെയിൽവേ ആസ്തികൾ, 33 തുരങ്കങ്ങൾ, 13 ഡാമുകൾ എന്നിവ ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന് റിപ്പോര്‍ടുകൾ ഉണ്ടായിരുന്നു. ഇവയെല്ലാം ഇപ്പോൾ നിശ്ചലമായിരിക്കയാണ്.
നേപ്പാൾ കടൽ തീരമില്ലാത്തതും കരയാൽ ചുറ്റപ്പെട്ടതുമായ പര്‍വത രാജ്യമാണ്. ചൈനയുടെ അതിര്‍ത്തികൾ ഇല്ലാതായതോടെ ഇന്ത്യൻ അതിര്‍ത്തി കവാടങ്ങളെയാണ് കൂടുതൽ ആശ്രയിക്കുന്നത്. നേരത്തെ നേപ്പാൾ ഇക്കാര്യത്തിൽ സംതുലനം പാലിക്കാൻ ശ്രമിച്ചിരുന്നു.









0 comments