ad
Deshabhimani

ശക്തികുളങ്ങരയിൽ വലയിൽ കുടുങ്ങിയത് പുതിയ ഇനം മത്സ്യം

Skate Fish
വെബ് ഡെസ്ക്

Published on Sep 07, 2026, 02:50 PM | 2 min read

തിരുവനന്തപുരം : കൊല്ലം ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖത്ത് മത്സ്യബന്ധനത്തിനിടെ പുതിയ ഇനം മത്സ്യത്തെ കണ്ടെത്തി. സ്കേറ്റ് മത്സ്യത്തെയാണ് ശാസ്ത്രലോകത്തിന് പുതിയ അത്ഭുതമായി കൊല്ലത്തു നിന്ന് കണ്ടെത്തിയത്. കാഴ്ചയിൽ തിരണ്ടി മത്സ്യത്തെപ്പോലെ തോന്നുമെങ്കിലും അവയിൽ നിന്ന് ഏറെ വ്യത്യസ്തമാണ് പുതിയതായി കണ്ടെത്തിയ സ്കേറ്റ് മത്സ്യം. ഡിപ്റ്ററസ് ധൃതി (Dipturus dhritiae) എന്നാണ് ശാസ്ത്രീയ നാമം. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ ഡയറക്ടറായ ധൃതി ബാനർജിയോടുള്ള ആദരസൂചകമായാണ് പുതിയ ഇനത്തിന് ധൃതീ (Dhritiae) എന്ന പേര് നൽകിയത്.


സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് പുതിയ ഇനം മത്സ്യത്തെ തിരിച്ചറിഞ്ഞത്. ഈ മത്സ്യം സാധാരണയായി അറേബ്യൻ സ്കേറ്റ് (Arabian Skate) എന്നാണ് അറിയപ്പെടുന്നത്. പുതിയ കണ്ടെത്തലിന്റെ വിശദാംശങ്ങൾ ആ​ഗസ്ത് 28ന് ജേണൽ ഓഫ് ദി ഓഷ്യൻ സയൻസ് ഫൗണ്ടേഷനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


പുതിയ ഇനത്തെ ഔദ്യോഗികമായി തിരിച്ചറിയുന്നതിനുള്ള പ്രധാന മാതൃകയായ ഹോളോടൈപ്പ് 2022 ഏപ്രിൽ 26ന് ശക്തികുളങ്ങരയിൽ നിന്നാണ് ശേഖരിച്ചത്. നേരത്തെ തിരിച്ചറിയപ്പെടാതെ കിടന്നതോ തെറ്റിദ്ധരിക്കപ്പെട്ടതോ ആയ ചില സ്കേറ്റ് മത്സ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോഴാണ് ഇത് വ്യത്യസ്ത ഇനമാണെന്ന് വ്യക്തമായത്. ശരീരഘടനാപരമായ സവിശേഷതകളും തന്മാത്രാതലത്തിലുള്ള പരിശോധനകളും സ്ഥിരീകരിച്ചതോടെ ഇത് പുതിയ ഇനം മത്സ്യമാണെന്ന് തിരിച്ചറിഞ്ഞു.


പുതിയ മത്സ്യത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്ന് വാലിലുടനീളം കാണപ്പെടുന്ന അഞ്ച് വ്യക്തമായ മുള്ളുകളുടെ നിരകളാണ്. പരമാവധി 131.5 സെന്റിമീറ്റർ വരെ നീളത്തിൽ വളരാൻ ഇവയ്ക്ക് കഴിയും. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തോട് ചേർന്ന് 400 മുതൽ 600 മീറ്റർ വരെ ആഴമുള്ള ചരിഞ്ഞ പ്രദേശത്താണ് ഈ മത്സ്യത്തിന്റെ സാന്നിധ്യം നിലവിൽ സ്ഥിരീകരിച്ചിട്ടുള്ളത്.


ഇതുവരെ സ്കേറ്റ് മത്സ്യത്തിനെ ഡിപ്റ്ററസ് സ്പ്രിൻ​ഗെറി (Dipturus springeri) എന്ന ഇനമാണെന്ന് തെറ്റായി തിരിച്ചറിഞ്ഞിരുന്നിരിക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. 2008 മുതൽ 2026 വരെ നടത്തിയ സർവേകളിൽ ഇന്ത്യയുടെ സമുദ്രപരിധിയിൽ ഡിപ്റ്ററസ് സ്പ്രിൻ​ഗെറി കണ്ടെത്താനായിട്ടില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.


സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ കെ കെ ബിനീഷ്, അനിൽ കാശിനാഥ്, സിഎംഎഫ്ആർഐയിലെ കെ വി അഖിലേഷ്, അമേരിക്കയിലെ ഗവേഷകനായ ഡേവിഡ് എ എവറി എന്നിവർ ചേർന്നാണ് പഠനത്തിന് നേതൃത്വം നൽകിയത്.


ശക്തികുളങ്ങരയിൽ മത്സ്യബന്ധനത്തിനിടെ അബദ്ധത്തിൽ വലയിൽ കുടുങ്ങിയതായിരുന്ന മത്സ്യം. തുടർന്ന് ആരംഭിച്ച പരിശോധനയാണ് ഒടുവിൽ ശാസ്ത്ര ലോകത്തിന് തന്നെ പുതിയൊരു ഇനം മത്സ്യത്തെ പരിചയപ്പെടുത്തിയത്. കേരള തീരത്തോട് ചേർന്ന അറബിക്കടലിന്റെ ആഴങ്ങളിൽ ഇനിയും കണ്ടെത്താത്ത ജൈവവൈവിധ്യത്തിന്റെ വലിയൊരു ലോകമുണ്ടെന്ന യാഥാർഥ്യത്തിലേക്ക് ഇത് വെളിച്ചം വീശുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home