ഡൽഹി ഹോസ്റ്റൽ കെട്ടിടം തകർന്ന സംഭവം; അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ന്യൂഡൽഹി : തെക്കൻ ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ ഡൽഹി നഗരസഭ ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കാലപ്പഴക്കമുള്ള കെട്ടിടത്തിന് അനധികൃതമായി പ്രവർത്തിക്കാൻ അനുമതി നൽകിയതിനാണ് സസ്പെൻഷൻ. അനധികൃത നിർമാണങ്ങൾക്ക് ഉദ്യോഗസ്ഥർ അനുമതി നൽകരുതെന്നും, അത്തരം കേസുകളിൽ കെട്ടിട വകുപ്പിനെ ഉത്തരവാദിത്തപ്പെടുത്തുമെന്നും എംസിഡി കമ്മീഷണർ സഞ്ജീവ് ഖിർവാർ പറഞ്ഞു.
എംസിഡി ഡെപ്യൂട്ടി കമ്മീഷണർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, സൂപ്രണ്ടിംഗ് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ, ജൂനിയർ എഞ്ചിനീയർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഡൽഹി സർവകലാശാലയുടെ സൗത്ത് കാമ്പസിന് സമീപം ആൺകുട്ടികളുടെ പിജിയായി പ്രവർത്തിക്കുകയായിരുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിന്റെ സുരക്ഷയെക്കുറിച്ച് അധികൃതർക്ക് നേരെ ചോദ്യങ്ങൾ ഉയർന്നതിനെ തുടർന്നാണ് നടപടി.
അപകടം നടക്കാതിരിക്കാൻ മുൻകരുതലെടുക്കാതെ ദുരന്തമുണ്ടായ ശേഷം ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്ന ഡൽഹി സർക്കാരിന്റെ നയത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഉദ്യോഗസ്ഥ–ഭരണതലത്തിലെ പിടിപ്പുകേടാണ് ഇത്തരത്തിലുള്ള അനധികൃത കെട്ടിടങ്ങൾ കൂണുപോലെ മുളച്ചുപൊന്താൻ വഴിയൊരുക്കുന്നതെന്നാണ് പ്രധാന ആക്ഷേപം.
ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് അഞ്ച് നിലയുള്ള കെട്ടിടം തകർന്നുവീണത്. കെട്ടിടത്തിന്റെ ബേസ്മെന്റിൽ അനുമതിയില്ലാതെ നിർമാണ പ്രവർത്തികൾ നടക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ പെയ്ത മഴയിൽ ബേസ്മെന്റിൽ വെള്ളം കയറിയിരുന്നു. ഇതിനോടൊപ്പം കെട്ടിടത്തിന്റെ കാലപ്പഴക്കവും ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചു.
അപകടത്തിൽ ഏഴ് പേർ മരിച്ചു. ഇതുവരെ 12 പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തിട്ടുണ്ട്. ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ കെട്ടിട ഉടമ ആനന്ദ് ബൻസാലിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു.









0 comments