ബുധനാഴ്ച വരെ ഉയര്‍ന്ന താപനില; സംസ്ഥാനത്ത് അള്‍ട്രാവൈലറ്റ് ജാഗ്രതാ നിര്‍ദേശം, ചൂടിന് ശേഷം മഴയെത്തും

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്ന് എട്ട് ജില്ലകളില്‍ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
അൾട്രാ വയലറ്റ് സൂചിക അനുസരിച്ച് എട്ടു മുതൽ പത്തുവരെയാണ് ഓറഞ്ച് അലർട്ടിന്റെ പരിധിയിൽ വരുന്നത്. അൾട്രാ വയലറ്റ് സൂചിക പതിനൊന്നിന് മുകളിലാണെങ്കിൽ റെഡ് അലർട്ടായിരിക്കും. കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചൂടും അന്തരീക്ഷ ഈർപ്പവും കൂടിയ അന്തരീക്ഷ സ്ഥിതി അനുഭവപ്പെടുമെന്നും ഈ കാലയളവിൽ ഉയർന്ന താപനില സാധാരണയേക്കാൾ 3–4°C വരെ ഉയരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൂട് അസഹനീയമാകുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി
ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയർന്ന ചൂട് അനുഭവപ്പെടാൻ സാധ്യത.
ജാഗ്രതാ നിർദേശങ്ങൾ
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, വിവിധതരം ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് അൾട്രാവയലറ്റ് സൂചിക ഏറ്റവും ഉയർന്ന നിലയിൽ രേഖപ്പെടുത്തുന്നത്. അതിനാൽ ഈ സമയങ്ങളിൽ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും യുവി സൂചിക ഉയർന്നേക്കാം. ജലാശയങ്ങൾ, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നത് ഇത്തരം മേഖലകളിൽ അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർ പ്രത്യേകം ജാഗ്രത പാലിക്കണം. ചർമ്മരോഗങ്ങളുള്ളവർ, നേത്രരോഗികൾ, ക്യാൻസർ രോഗികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാനും ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും ശ്രദ്ധിക്കണം. യാത്രകൾക്കിടയിൽ കൃത്യമായ ഇടവേളകളിൽ തണലിൽ വിശ്രമിക്കണമെന്നും നിർദ്ദേശമുണ്ട്.
ചൂടിന് ശേഷം മഴ
അതേസമയം, കടുത്ത ചൂടിന് ശേഷം സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 10, 11 തിയതികളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലർട്ട്.









0 comments