പശ്ചിമേഷ്യൻ സംഘർഷം ; എണ്ണ തിളയ്ക്കുന്നു

കൊച്ചി
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ അന്താരാഷ്‌ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില വീണ്ടും കുതിച്ചു. വെള്ളിയാഴ്‌ച വീപ്പയ്‌ക്ക് 77.01 ഡോളറായിരുന്നത് തിങ്കളാഴ്‌ചയോടെ അഞ്ച് ശതമാനത്തിലേറെ വർധിച്ച് 81.40ലെത്തി. പിന്നീട് 77 ഡോളർ നിലവാരത്തിലേക്ക് താഴ്‌ന്നെങ്കിലും ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. അമേരിക്ക ആണവകേന്ദ്രങ്ങൾ ആക്രമിച്ചതോടെ എണ്ണ ഗതാഗതത്തിനുള്ള ലോകത്തെ ഏറ്റവും പ്രധാന ജലപാതയായ ഹോർമുസ് കടലിടുക്ക് അടയ്‌ക്കാൻ ഇറാൻ തീരുമാനിച്ചത് ആഘാതം കൂട്ടും.
ആഗോള എണ്ണ ഉൽപ്പാദനത്തിന്റെ മൂന്നിലൊന്നുമുള്ള ഗൾഫ് രാജ്യങ്ങളെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന പാതയാണ് ഹോർമുസ് കടലിടുക്ക്. എണ്ണ കൈമാറ്റത്തിന്റെ ആറിലൊന്നും എൽപിജി കൈമാറ്റത്തിന്റെ മൂന്നിലൊന്നും നടക്കുന്നത് ഈ പാതയിലൂടെയാണ്. ഇറാൻ 40 ലക്ഷം ബാരൽ എണ്ണയാണ് ഒരുദിവസം ഉൽപ്പാദിപ്പിക്കുന്നത്. 20 ലക്ഷം ബാരലിലധികം കയറ്റി അയക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക പാടമായ (ഗ്യാസ് ഫീൽഡ്) സൗത്ത് പാർസിൽ ശനിയാഴ്‌ച ഇസ്രയേൽ വ്യോമാക്രമണം നടത്തിയതോടെ ഇറാൻ ഉൽപ്പാദനം ഭാഗികമായി നിർത്തിയിരുന്നു. ദിവസം 1.2 കോടി ക്യുബിക് മീറ്റർ പ്രകൃതിവാതക ഉൽപ്പാദനമാണ് ഇതോടെ നിലച്ചത്. യുദ്ധം കനക്കുന്നതോടെ ഇറാനിൽനിന്നുള്ള എണ്ണ, വാതക വിതരണം പൂർണമായും നിലയ്‌ക്കുമെന്ന ഭീഷണിക്കിടെയാണ് ഹോർമുസ് കടലിടുക്ക് അടയ്‌ക്കുമെന്ന പ്രഖ്യാപനം. ഇസ്രയേൽ ഇറാനിൽ കടന്നാക്രമണം നടത്തുന്നതിനുമുമ്പുള്ള ആഴ്‌ച 65 –-69 ഡോളറായിരുന്നു എണ്ണവില. ആക്രമണശേഷം 69.36 ഡോളറിൽനിന്ന് 13 ശതമാനത്തിലേറെ വർധിച്ച് വീപ്പയ്‌ക്ക് 78.50 ഡോളറായി. ഇടയ്‌ക്ക് വെടിനിർത്തൽസാധ്യത രൂപപ്പെട്ടതോടെ അൽപ്പം താഴ്‌ന്നെങ്കിലും സാധ്യത മങ്ങിയതോടെ വീണ്ടും വില ഉയർന്നു. യുദ്ധം കനത്താൽ വില ഇനിയും കുതിക്കുമെന്നും 100–120 ഡോളറിൽ എത്തുമെന്നുമാണ് വിലയിരുത്തൽ.









0 comments