Deshabhimani

ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരിക്കുകയാണോ..? ശ്രദ്ധിക്കണം ചിലത്; മുന്നറിയിപ്പുമായി ഐആർസിടിസി

Ordering food on trains

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 11, 2026, 08:37 AM | 2 min read

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ ഭക്ഷണം ഓർഡർ ചെയ്യുന്ന യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഐആർസിടിസി. അനധികൃത വെബ്സൈറ്റുകൾ, മൊബൈൽ ആപ്പുകൾ തുടങ്ങിയവയിലൂടെ ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങൾ, സാമ്പത്തിക തട്ടിപ്പ്, വ്യക്തിഗത വിവരങ്ങൾ ചോർത്തൽ പതിവാകുന്ന സാഹചര്യത്തിലാണ് ഐആർസിടിസിയുടെ ഇടപെ‌ടൽ. ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഫുഡ് ഓൺ ട്രാക്ക് (Food on Track) ആപ്പ്, അംഗീകൃത ഇ-കാറ്ററിങ് എന്നിവയിലൂടെ മാത്രം ഭക്ഷണം ഓർഡർ ചെയ്യണമെന്ന് നിർദേശം നൽകി. അനധികൃത ഇ-കാറ്ററിങ് പ്ലാറ്റ്ഫോമുകൾക്കെതിരെ ഐആർസിടിസി നടപടി ശക്തമാക്കി.


അനധികൃത ഇ-കാറ്ററിങ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഓർഡർ ചെയ്യുന്ന ഭക്ഷണം പലപ്പോഴും ഭക്ഷ്യസുരക്ഷാ-ഗുണനിലവാര അതോറിറ്റിയുടെ (FSSAI) നിർദേശങ്ങളും ശുചിത്വ മാനദണ്ഡങ്ങളും പാലിക്കാത്തതുമായ ഹോട്ടലുകളിൽ നിന്നുമായിരിക്കും. ഇത്തരം ഭക്ഷണശാലകൾക്ക് ലൈസൻസും ഉണ്ടായിരിക്കില്ല. വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ഇത്തരം ഹോട്ടലുകളിൽ പരിശീലനം പോലും ലഭിക്കാത്ത ജീവനക്കാരായിരിക്കാം ഭക്ഷണം പാകം ചെയ്യുന്നത്. ഇത് ഭക്ഷണത്തിന്റെ ​ഗുണനിലവാരത്തെയും അതുവഴി യാത്രക്കാരുടെ സുരക്ഷയെയും ബാധിക്കുമെന്ന് ഐആർസിടിസി അറിയിച്ചു.


യാത്രക്കാരുടെ വ്യക്തി​ഗത വിവരങ്ങൾക്കും സാമ്പത്തിക സുരക്ഷയ്ക്കും അനധികൃത ഇ-കാറ്ററിങ് പ്ലാറ്റ്ഫോമുകൾ ഭീഷണിയാണെന്നും ഐആർസിടിസി പ്രസ്താവനയിലൂടെ അറിയിച്ചു. പിഎൻആർ നമ്പർ, ഇ-മെയിൽ, മൊബൈൽ നമ്പർ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, യുപിഐ വിവരങ്ങൾ തുടങ്ങിയവ സ്ഥിരീകരിക്കാത്ത പ്ലാറ്റ്‌ഫോമുകളിൽ പങ്കുവയ്ക്കുന്നത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനും വഴിവെയ്ക്കാമെന്നും ഐആർസിടിസി ചൂണ്ടിക്കാട്ടുന്നു.


ഇത്തരം പ്ലാറ്റുഫോമുകളിലൂടെ ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ അത് കൃത്യമായി എത്തണമെന്നില്ല. ഔദ്യോഗിക പരാതി പരിഹാര സംവിധാനം ഇല്ലാത്തതിനാൽ പണം തിരിച്ചുപിടിക്കാനും നിയമനടപടികൾ സ്വീകരിക്കാനും ബുദ്ധിമുട്ടുകളുണ്ടാകുമെന്നും ഐആർസിടിസി യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.


ട്രെയിൻ യാത്രയിൽ ഭക്ഷണം ബുക്ക് ചെയ്യാനുള്ള മാർഗങ്ങൾ:


* ഇ-കാറ്ററിങ് വെബ്സൈറ്റ്: ഡെസ്ക്ടോപ്പിലോ മൊബൈൽ ബ്രൗസറിലോ [www.ecatering.irctc.co.in] (https://www.ecatering.irctc.co.in?utm_source=chatgpt.com) സന്ദർശിച്ച് ഭക്ഷണം ബുക്ക് ചെയ്യാം.


* ഫുഡ് ഓൺ ട്രാക്ക് ആപ്പ്: ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഔദ്യോഗിക ആപ്പ് ഡൗൺലോഡ് ചെയ്യാം.


* ഹെൽപ്‌ലൈൻ 1323: ഐആർസിടിസിയുടെ ഇ-കാറ്ററിങ് കസ്റ്റമർ സർവീസ് നമ്പറിൽ വിളിച്ച് ഭക്ഷണം ഓർഡർ ചെയ്യാം.


* അംഗീകൃത പങ്കാളികൾ: ഐആർസിടിസി അംഗീകരിച്ച ഇ-കാറ്ററിങ് പങ്കാളികൾ വഴിയും ഭക്ഷണം ബുക്ക് ചെയ്യാവുന്നതാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home