റാണിയുടെ മരണം കൊലപാതകം: മരിച്ചത് ഭർത്താവിനെ കൊന്ന കേസിലെ പ്രതി; അന്വേഷണം ആരംഭിച്ചു

ശാന്തൻപാറ: ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ശാന്തൻപാറ ചേരിയാർ സ്വദേശിനി റാണി (57)യുടെ മൃതദേഹമാണ് വികൃതമാക്കിയ നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
മൃതശരീരത്തിന്റെ വലതുകൈയുടെ ഭാഗത്ത് അസ്ഥിമാത്രമാണ് കണ്ടെത്തിയത്. കൈയുടെ ബാക്കി ഭാഗം മുറിച്ചുമാറ്റിയ നിലയിലായിരുന്നു. തലയിലും ഗുരുതരപരിക്കുകളുണ്ട്. ചേരിയാറിൽ ആൾത്താമസം കുറവുള്ള ഒറ്റപ്പെട്ട പ്രദേശത്താണ് റാണിയുടെ വീട്. കഴിഞ്ഞ ദിവസം പള്ളിയിൽ പോയി മടങ്ങിയെത്തിയ റാണിയെ പിന്നീട് അയൽവാസികൾ കണ്ടിരുന്നില്ല. ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് സമീപത്ത് താമസിക്കുന്ന വയോധിക റാണിയെ അന്വേഷിച്ച് ചൊവ്വാഴ്‌ച വീട്ടിലെത്തി. വീടിന്റെ വാതിലുകൾ തുറന്നുകിടക്കുകയായിരുന്നു. തുടർന്ന് പരിസരത്ത് നടത്തിയ തിരച്ചിലിലാണ് സമീപത്തെ നടപ്പാതയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. റാണിയുടെ വീടിന് സമീപത്തെ മറ്റൊരു വീട്ടിൽ താമസിച്ചിരുന്ന രണ്ട് അതിഥിത്തൊഴിലാളികളെ രണ്ടുദിവസമായി കാണാനില്ലെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ഡോ. എ എൻ നസീം, ഇടുക്കി ഡിവൈഎസ്പി കെ ആർ മോഹൻദാസ്, മൂന്നാർ എഎസ്പി അമൃത സതീപൻ എന്നിവർ സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നൽകി.
25 വർഷം മുമ്പ് തമിഴ്നാട്ടിലെ തേനിയിൽ ഭർത്താവ് ബാലഗുരുവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷയനുഭവിച്ചയാളാണ് റാണിയെന്ന് പൊലീസ് അറിയിച്ചു. ശിക്ഷ കഴിഞ്ഞശേഷം കേരളത്തിലെത്തി ചേരിയാറിൽ സ്ഥലം വാങ്ങി താമസമാക്കുകയായിരുന്നു. മക്കളായ റൂബനും ഡേവിഡും മൂന്നാറിലാണ് താമസം.








0 comments