രാഹുൽ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമർശം; ആർ ശ്രീലേഖയ്ക്ക് നോട്ടീസ് അയച്ച് കോടതി

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതാവ് ആർ. ശ്രീലേഖയ്ക്ക് നോട്ടീസ് അയച്ച് കോടതി. മാവേലിക്കര കോടതിയാണ് നോട്ടീസ് അയച്ചത്. നേരിട്ട് ഹാജരാകാനാണ് നിർദേശം.കലാപാഹ്വാനം ഉൾപ്പെടെ ചുമത്തി പുനലൂർ പൊലിസാണ് ശ്രീലേഖയ്ക്കെതിരെ കേസെടുത്തത്. ബിഎൻഎസ് 192 പ്രകാരമാണ് പൊലിസ് നടപടി. ഒരു വർഷം വരെ തടവ്, അല്ലെങ്കിൽ പിഴ, അല്ലെങ്കിൽ രണ്ടു കൂടി ലഭിക്കാവുന്ന കുറ്റമാണ് പൊലിസ് ചുമത്തിയത്.
കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാറിൻറെ പരാതിയിലാണ് നടപടി. ക്രിമിനൽ മാനനഷ്ട കേസാണ് ശ്രീലേഖയ്ക്കെതിരെ ശ്രീകുമാർ ഫയൽ ചെയ്തത്.
ഒക്ടോബർ 14ന് പുനലൂരിൽ വച്ചാണ് ശ്രീലേഖ അധിക്ഷേപ പരാമർശം നടത്തിയത്. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ പരാമർശം. പുനലൂരിൽ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ ജനസഭയിൽ സംസാരിക്കുകയായിരുന്നു ശ്രീലേഖ.








0 comments