ചികിത്സാ സഹായത്തിന്റെ പേരിൽ തട്ടിപ്പ്: ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്


സ്വന്തം ലേഖകൻ
Published on Nov 11, 2026, 07:02 AM | 1 min read
മുക്കം: അപൂർവ ജനിതക രോഗമായ എസ്എംഎ ബാധിച്ച കല്ലുരുട്ടിയിലെ പിഞ്ചുകുഞ്ഞുങ്ങളുടെയും നിർധനരായ രോഗികളുടെയും പേരിൽ വ്യാജ ക്യുആർ കോഡ് നിർമിച്ച് ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മുക്കം മാമ്പറ്റയിലെ ശ്രീലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ തിരുവമ്പാടി പുന്നക്കൽ സ്വദേശി നടക്കാവിൽ വീട്ടിൽ നൈസാമിനെതിരെ വഞ്ചനാക്കുറ്റത്തിന് മുക്കം പൊലീസ് കേസെടുത്തു.
തിങ്കൾ വൈകിട്ട് കസ്റ്റഡിയിലെടുത്ത നൈസാമിനെ മുക്കം പൊലീസ് വിട്ടയച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തട്ടിപ്പുകാരനായ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവം പ്രധാന മാധ്യമങ്ങൾ മുക്കി. "ദേശാഭിമാനി’ മാത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതേ തുടർന്ന് വിവിധ സംഘടനകൾ ട്രസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെയാണ് നൈസാമിനെ വീണ്ടും വിളിപ്പിച്ച് മുക്കം പൊലീസ് കേസ് എടുത്തത്.
ഭാരതീയ ന്യായസംഹിത 318-ാം വകുപ്പ് പ്രകാരമാണ് കേസ്. പ്രതി പണം പിരിക്കാൻ ഉപയോഗിച്ച ക്യുആർ കോഡുമായി ബന്ധപ്പെട്ട അക്കൗണ്ട് ഇതിനോടകം ഫ്രീസ് ചെയ്തതായി മുക്കം പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും മറ്റ് അക്കൗണ്ടുകൾ വഴിയും പണം പിരിച്ചിട്ടുണ്ടോ എന്നതുൾപ്പെടെ കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.








0 comments