ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറും

തിരുവനന്തപുരം: ബീമാപള്ളി ഉറൂസിന് ബുധനാഴ്‌ച കൊടിയേറും. രാവിലെ എട്ടിന് ബീമാപള്ളി അസിസ്റ്റന്റ് ഇമാം മാഹീൻ അബൂബക്കർ ഫൈസിയുടെ നേതൃത്വത്തിൽ പ്രാർഥനയ്‌ക്കുശേഷം ദർഗാഷെരീഫിൽനിന്ന് ആരംഭിക്കുന്ന പട്ടണപ്രദക്ഷിണത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. പട്ടണപ്രദക്ഷിണം തിരികെ എത്തുന്നതോടെ ചീഫ് ഇമാം അൽഹാഫിള് കുമ്മനം നിസാമുദ്ദീൻ അസ്ഹരിയുടെ നേതൃത്വത്തിൽ പ്രത്യേക കൂട്ട പ്രാർഥന നടക്കും. ദുബായിൽനിന്ന് എത്തിക്കുന്ന പ്രത്യേകം തയ്യാറാക്കിയ ഉറൂസ് പതാക ജമാഅത്ത് പ്രസിഡന്റ് എ എം ഇഖ്ബാൽ മിനാരത്തിൽ ഉയർത്തുന്നതോടെ 10 ദിവസം നീണ്ടുനിൽക്കുന്ന ഉറൂസിന് തുടക്കമാകും. സെമിനാറുകൾ, മത പ്രഭാഷണങ്ങൾ എന്നിവ ഉണ്ടാകും. ഉറൂസിന് എത്തുന്നവർക്ക് എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
കെഎസ്ആർടിസി സ്പെഷൽ സർവീസുകൾ
ബീമാപള്ളി ഉറൂസിനും വെട്ടുകാട് പള്ളി പെരുന്നാളിനുമെത്തുന്ന വിശ്വാസികൾക്ക് കെഎസ്ആർടിസി സ്പെഷൽ സർവീസുകൾ ആരംഭിച്ചു. 45 ബസുകളാണ് സർവീസ് നടത്തുന്നത്. ബീമാപള്ളി ഉറൂസുമായി ബന്ധപ്പെട്ട് 20 ബസുകളാണ് കെഎസ്ആർടിസി ഉപയോഗിക്കുന്നത്. കിഴക്കേകോട്ടയിൽനിന്ന് ഇഞ്ചക്കൽ, വള്ളക്കടവ് വഴിയും കിഴക്കേകോട്ടയിൽനിന്ന് ഇഞ്ചക്കൽ, കല്ലുമൂട് വഴിയുമാണ് ബീമാപള്ളിയിലേക്ക് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ ആവശ്യാനുസരണമാകും ബസുകൾ സർവീസ് നടത്തുക. ഇതിനായി ബീമാപള്ളിയിൽ സ്റ്റേഷൻ മാസ്റ്റർ ഓഫീസും പ്രവർത്തിക്കുന്നുണ്ട്.
വെട്ടുകാട് പള്ളി പെരുന്നാളിനായി നിലവിലുള്ള ഏഴ് ചെയിൻ സർവീസുകൾക്കു പുറമേ 18 അധിക സർവീസുകൾകൂടി ഉൾപ്പെടുത്തി ആകെ 25 ബസുകളാണ് നിരത്തിലിറക്കിയിട്ടുള്ളത്. കിഴക്കേകോട്ടയിൽനിന്ന് വലിയതുറ വഴിയും പാളയം വഴിയുമാണ് വെട്ടുകാടേക്ക് സർവീസ് നടത്തുന്നത്. ബസുകൾ കൃത്യമായി സർവീസ് നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി വെട്ടുകാട് താൽക്കാലിക സ്റ്റേഷൻ മാസ്റ്റർ ഓഫീസും തുറന്നിട്ടുണ്ട്.








0 comments