ഗോവ നിശാക്ലബ് തീപിടിത്തം; ഉടമകൾക്കെതിരെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്

പനാജി : ഗോവയിൽ നിശാക്ലബ്ബിലുണ്ടായ വൻ തീപിടിത്തത്തിൽ 25 പേർ മരിച്ച സംഭവത്തിൽ ഉടമകൾക്ക് ഇന്റർപോൾ നോട്ടീസ്. ബിർച്ച് ബൈ റോമിയോ ലെയ്ൻ നിശാക്ലബ്ബിന്റെ ഉടമകളായ സൗരഭ് ലുത്ര, സഹോദരൻ ഗൗരവ് ലുത്ര എന്നിവർക്കെതിരെയാണ് ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. തീപിടിത്തമുണ്ടായതിനുപിന്നാലെ ഇരുവരും തായ്ലൻഡിലേക്ക് കടന്നിരുന്നു. ഉടമകൾക്കെതിരെ ഇന്റർപോൾ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ആവശ്യമുന്നയിച്ച് ഗോവ പൊലീസ് സിബിഐയെ സമീപിച്ചിരുന്നു.
ഞായറാഴ്ച പുലർച്ചെ 5.30 ന് സൗരഭും ഗൗരവും ഡൽഹിയിൽ നിന്ന് ഫുക്കറ്റിലേക്ക് ഇൻഡിഗോ 6E 1073 വിമാനത്തിൽ കടന്നുകളഞ്ഞെന്നാണ് ഗോവ പൊലീസ് പറയുന്നത്. ക്രിമിനൽ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഒരു വ്യക്തിയുടെ ഐഡന്റിറ്റി, സ്ഥലം അല്ലെങ്കിൽ പ്രവർത്തനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ഇന്റർപോൾ ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കുന്നത്.
അതേസമയം ക്ലബ്ബിലുണ്ടായ ദാരുണ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും ദുരന്തത്തിൽപ്പെട്ടവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും സൗരഭ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു. ഇത് തായ്ലൻഡിലെത്തിയ ശേഷം നൽകിയ സന്ദേശമാണെന്ന് പൊലീസ് പറഞ്ഞു. ശനി രാത്രിയാണ് വടക്കൻ ഗോവയിലെ അൻപോറയിലുള്ള ക്ലബ്ബിൽ തീപിടിത്തമുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നൈറ്റ് ക്ലബ്ബിൽ ജോലി ചെയ്തിരുന്നവരും വിനോദസഞ്ചാരികളുമടക്കം 25 പേരാണ് മരിച്ചത്.
തലസ്ഥാനമായ പനാജിയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയാണ് തീപിടിത്തമുണ്ടായ ബിർച്ച് ബൈ റോമിയോ ലെയ്ൻ. സംഭവത്തിനു പിന്നാലെ വാഗേറ്ററിലെ അനധികൃത 'റോമിയോ ലെയ്ൻ' ബീച്ച് ഷാക്ക് പൊളിച്ചുനീക്കാൻ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉത്തരവിട്ടു. നിശാക്ലബ് ഉടമകളുടേതാണ് ഇത്. സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമിച്ച ബീച്ച് ഷാക്കാണ് ഇത്. ഇത്തരത്തിൽ അനധികൃതമായി നിർമിച്ച മറ്റൊരു കെട്ടിടവും പൊളിച്ചു നീക്കിയതായി അധികൃതർ പറഞ്ഞു.










0 comments