ad
Deshabhimani

രാജ്യാന്തര വന്യജീവി കള്ളക്കടത്ത് ശൃംഖലയിലെ പ്രധാനിയായ യുവതി  പിടിയിൽ

wildlife
വെബ് ഡെസ്ക്

Published on Dec 08, 2025, 11:57 AM | 2 min read

ഗാങ്ടോക്ക്: വന്യജീവി കള്ളക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് ഇന്റർപോളിന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ടിരുന്ന യുവതി പിടിയിൽ. യാങ്‌ചെൻ ലച്ചുങ്‌പ (44) ഡിസംബർ ആദ്യം സിക്കിമിലെ ലാച്ചുങ്ങിൽ നിന്ന് അറസ്റ്റിലായതായി പൊലീസ് സ്ഥിരീകരിച്ചു. ഇന്റലിജൻസ് വിവരങ്ങളുടെയും ഏകോപിത അന്വേഷണങ്ങളുടെയും തുടർച്ചയായാണ് അറസ്റ്റ്. വന്യജീവി കള്ളക്കടത്തിലെ രാജ്യന്തര ശൃഖലയിൽ അന്വേഷക സംഘങ്ങൾ തിരയുന്ന പ്രതിയാണ്.


സിക്കിം പോലീസ്, വനം വകുപ്പ്, ജുഡീഷ്യറി, ജില്ലാ ഭരണകൂടം എന്നിവയുടെ പൂർണ്ണ സഹകരണത്തോടെയാണ് ഓപ്പറേഷൻ നടത്തിയത്. പത്ത് വർഷം മുമ്പാണ് ഇവരുടെ പ്രവർത്തനങ്ങൾ പുറത്തായത്. മധ്യപ്രദേശ് സ്റ്റേറ്റ് ടൈഗർ സ്ട്രൈക്ക് ഫോഴ്‌സ് (എംപി എസ്ടിഎസ്എഫ്), വൈൽഡ്‌ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ (ഡബ്ല്യുസിസിബി) എന്നിവയുടെ ഏകോപിത അന്വേഷണങ്ങളെ മറികടന്ന് ഇവർ പലപ്പോഴും രക്ഷപെടുകയായിരുന്നു. ഡൽഹിക്കും സിക്കിമിലെ വിദൂര പർവ്വത മേഖലകളിലെ ഒളിത്താവളങ്ങൾക്കുമിടയിൽ ഇടയ്ക്കിടെ താവളങ്ങൾ മാറി. നിരീക്ഷണ സംഘങ്ങൾ അടുക്കുന്നതിന് തൊട്ടുമുമ്പ് പലപ്പോഴും നാടകീയമായി രക്ഷപെട്ടു.


പത്ത് വർഷം മുമ്പ് തുടങ്ങിയ അന്വേഷണം


2015 ജൂലൈ 13 ന് സത്പുര ടൈഗർ റിസർവിലെ കാംതി റേഞ്ചിൽ ആയിരുന്നു ആദ്യത്തെ കേസ്. കടുവ ശരീരഭാഗങ്ങളും ഈനാംപേച്ചി ചെതുമ്പലുകളും വേട്ടയാടുകയും നിയമവിരുദ്ധമായി വ്യാപാരം ചെയ്യുകയും ചെയ്തതിന് ലച്ചുങ്‌പയ്‌ക്കെതിരെ വന്യജീവി കുറ്റകൃത്യ കേസ് രജിസ്റ്റർ ചെയ്തു. നാല് കടുവ അസ്ഥികൾ, 1.5 കിലോഗ്രാം ഈനാംപേച്ചി ചെതുമ്പലുകൾ, കടുവ തൊലി, കടുവയുടെ അസ്ഥി എണ്ണ സത്ത് എന്നിവ പിടിച്ചെടുത്തു.


35 പ്രതികൾ ഉൾപ്പെട്ട കേസാണ്. അതിൽ 27 പേരെ മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിലെ ഒരു പ്രാദേശിക കോടതി ശിക്ഷിച്ചിരുന്നു. ലച്ചുങ്പയെ 2017 സെപ്റ്റംബറിൽ എംപിഎസ്ടിഎസ്എഫ് കസ്റ്റഡിയിലെടുത്തു എങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി. ഇത് അന്വേഷക സംഘങ്ങളെയും ആരോപണത്തിന്റെ നിഴലിലാക്കി.


sikkim


സിക്കിമിലെ ഗാങ്‌ടോക്കിൽ താമസിക്കുന്ന ഇവർ വേട്ടക്കാരും ഇടനിലക്കാരും ഉൾപ്പെടുന്ന നേപ്പാൾ, ടിബറ്റ്, ഭൂട്ടാൻ എന്നിവിടങ്ങളിലെ വന്യജീവി വ്യാപാര പാതകളുമായി ബന്ധപ്പെട്ട സംഘടിത കടത്ത് ശൃംഖലയിലെ പ്രധാന അംഗമാണ്. ഗോസ്റ്റ് വുമൺ എന്ന പേരിലും അറിയപ്പെട്ടു.  ഡൽഹി, സിലിഗുരി, ഗാങ്‌ടോക്ക്, കൊൽക്കത്ത, കാൺപൂർ, ഇറ്റാർസി, ഹോഷംഗാബാദ് എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ നഗരങ്ങളിൽ കണ്ണികളുണ്ട് എന്നും പരിസ്ഥിതി മന്ത്രാലയം പറയുന്നു.


2025 ഒക്ടോബർ 2 നാണ് ലാച്ചുങ്‌പയ്‌ക്കെതിരെ പിടികിട്ടാപ്പുള്ളി എന്ന നിലയിൽ ഇന്റർ പോൾ നോട്ടീസ് പുറപ്പെടുവിച്ചത്.  ഒരു പതിറ്റാണ്ടായി അന്വേഷണ സംഘങ്ങൾ ഇവരെ പിന്തുടർന്നു. ഈനാംപേച്ചി ചെതുമ്പൽ കടത്ത് കേസിൽ ഡൽഹിയിൽ നിന്ന് അറസ്റ്റിലായ 44 കാരനായ ജയ് തമാങ്ങിന്റെ ഭാര്യയായിരുന്നു യാങ്‌ചെൻ ലാച്ചുങ്‌പ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home