print edition മഹാറാലി പ്രധാന വാർത്തയാക്കി അന്താരാഷ്ട്ര മാധ്യമങ്ങൾ

ന്യൂഡൽഹി: ഇന്ത്യ കൂട്ടായ്‌മ ഞായറാഴ്‌ച രാംലീല മൈതാനിയിൽ നടത്തിയ മഹാറാലി വലിയ വാർത്തയാക്കി അന്താരാഷ്ട്ര മാധ്യമങ്ങൾ. റോയിറ്റേഴ്‌സ്, അസോസിയേറ്റഡ് പ്രസ് (എപി), ദി ഗാർഡിയൻ, എഎഫ്‌പി, അൽ ജസീറ എന്നിവ പ്രാധാന്യത്തോടെയാണ് ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ (വോട്ട് രക്ഷിക്കൂ, രാജ്യത്തെ സംരക്ഷിക്കൂ) റാലിയുടെ റിപ്പോർട്ടുകളും ഫോട്ടോകളും നൽകിയത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത, വോട്ടർപട്ടികയിൽനിന്ന് കോടിക്കണക്കിനുപേരെ ഒറ്റയടിക്ക് നീക്കിയത്, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കും തെരഞ്ഞെടുപ്പ് കമീഷനും എതിരായ പ്രതിപക്ഷ ആരോപണങ്ങൾ, റാലിയിലെ ജനലക്ഷങ്ങളുടെ പങ്കാളിത്തം, പ്രതിപക്ഷത്തിന്റെ ഒറ്റക്കെട്ടായ പ്രക്ഷോഭം– തുടങ്ങിയ വസ്‌തുതകളിൽ ഉൗന്നിയാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്.
മഹാറാലിയെ നിസാരവൽക്കരിക്കാൻ ആർഎസ്‌എസ്, ബിജെപി, കേന്ദ്രസർക്കാർ അനുകൂല മാധ്യമങ്ങളും സമൂഹമാധ്യമ കൂട്ടായ്‌മകളും പതിനെട്ടടവും പയറ്റുന്നതിനിടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വാർത്തകൾ നൽകിയത്. ഇതോടെ, മോദി സർക്കാരിനുകീഴിൽ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും നിഷ്‌പക്ഷതയും നഷ്ടപ്പെട്ടെന്ന യാഥാർഥ്യം അന്താരാഷ്ട്ര തലത്തിലും ചർച്ചയായി. പ്രമുഖ ദേശീയ മാധ്യമങ്ങൾക്കും മഹാറാലിയിലെ ജനപങ്കാളിത്തവും ഇന്ത്യ കൂട്ടായ്‌മയുടെ രാഷ്ട്രീയ മുന്നേറ്റവും അവഗണിക്കാനായില്ല. പ്രമുഖ ദേശീയപത്രങ്ങളെല്ലാം രാംലീല പ്രക്ഷോഭം മുഖ്യ വാർത്തയാക്കി. ചില പത്രങ്ങൾ ബിജെപിയുടെ ബദൽ സമരവും ഒന്നാം പേജിൽ നൽകി. സമൂഹമാധ്യമങ്ങളിൽ സംഘപരിവാർ അനുകൂല അക്കൗണ്ടുകൾ റാലി പരാജയമായിരുന്നെന്ന കുപ്രചാരണം ശക്തമാക്കി. റാലി തുടങ്ങുംമുന്പുള്ള ഫോട്ടോകളും എഡിറ്റ്‌ചെയ്‌ത വീഡിയോകളും ഉൾപ്പെടുത്തിയാണിത്.









0 comments