മധ്യപ്രദേശിൽ പൊലീസ് ട്രെയിനിങ് ക്യാമ്പിൽ ഭഗവദ്ഗീത പാരായണം ചെയ്യാൻ നിർദേശം

ഭോപ്പാൽ: മധ്യപ്രദേശിൽ പൊലീസ് പരിശീലനത്തിനെത്തിയ ട്രെയിനികളോട് ഭഗവദ്ഗീത പാരായണം ചെയ്യാൻ നിർദേശം. എഡിജിപി രാജ ബാബു സിങ് ആണ് വിചിത്ര നിർദ്ദേശം നൽകിയിരിക്കുന്നത്. സംഭവം പുറത്തറിഞ്ഞതോടെ വലിയ ചർച്ചകൾക്ക് വഴിവച്ചു. നടക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും പൊലീസിനെ കാവിവത്കരിക്കാനുള്ള ശ്രമമാണിതെന്നും തുടങ്ങിയ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.
സംസ്ഥാനത്തെ എട്ട് പൊലീസ് ട്രെയിനിങ് ക്യാമ്പുകളിലും പരിശീലനം നേടുന്നവരോടും ഭഗവദ്ഗീത വായിക്കണമെന്നാണ് നിർദേശം. ജൂലൈ മുതൽ ഒമ്പത് മാസത്തെ കോൺസ്റ്റബിൾ പരിശീലനത്തിനെത്തിയ 4,000 യുവതീയുവാക്കളാണ് ഇവിടെയുള്ളത്. രാത്രിയിലെ ധ്യാന സെഷനുകൾക്ക് മുമ്പായി ഭഗവദ് ഗീതയിലെ അധ്യായം വായിക്കണമെന്നാണ് ട്രെയിനി പൊലീസ് ഉദ്യോഗസ്ഥരോട് മേലധികാരികൾ നിർദേശിച്ചിരിക്കുന്നത്.
ജൂലൈയിൽ പരിശീലന സെഷൻ ഉദ്ഘാടനം ചെയ്യുന്നതിനിടെ രാമചരിതമാനസ പാരായണം ചെയ്യണമെന്ന് എഡിജിപി നിർദേശിച്ചിരുന്നു. പൊലീസുകാരിൽ അച്ചടക്കം വളർത്തുന്നതിനായാണ് ഇത്തരം നിർദേശം മുന്നോട്ടുവച്ചതെന്നാണ് രാജ ബാബു സിങ് പറയുന്നത്. 1994 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് രാജ ബാബു. ഗ്വാളിയോർ റെയ്ഞ്ച് എഡിജിപിയായിരുന്ന കാലത്ത് ജയിൽ തടവുകാർക്കിടയിൽ സിങ് ഭഗവദ്ഗീതയുടെ പകർപ്പുകൾ വിതരണം ചെയ്തിരുന്നു. ഇപ്പോഴത്തെ രീതിയിലുള്ള വായന സെഷനുകളും തുടങ്ങി.









0 comments