കടലിലെ കരുത്ത് ഇരട്ടിയാക്കി 'ഐഎൻഎസ് അരിദാമൻ'; ഇന്ത്യയുടെ മൂന്നാമത്തെ ആണവ അന്തർവാഹിനി കമ്മീഷൻ ചെയ്തു

വിശാഖപട്ടണം: ഇന്ത്യയുടെ പ്രതിരോധ കരുത്തിന് പുത്തൻ ഉണർവ് നൽകി മൂന്നാമത്തെ തദ്ദേശീയ ആണവ അന്തർവാഹിനിയായ ഐഎൻഎസ് അരിദാമൻ നാവികസേനയുടെ ഭാഗമായി. വിശാഖപട്ടണത്ത് നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അന്തർവാഹിനി കമ്മീഷൻ ചെയ്തു. ഇന്ത്യയുടെ ആണവ പ്രതിരോധ ശേഷി കൂടുതൽ സുശക്തമാക്കുന്നതാണ് പുതിയ അന്തർവാഹിനിയുടെ വരവ്.
'അരിദാമൻ എന്നത് വെറുമൊരു വാക്കല്ല, അത് ശക്തിയാണ്' എന്ന കുറിപ്പോടെ പ്രതിരോധമന്ത്രി തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. അരിഹന്ത് ക്ലാസ് വിഭാഗത്തിൽപ്പെട്ട സബ്മറൈനുകളിൽ മൂന്നാമത്തേതാണ് അരിധാമൻ. 2016-ൽ ഐഎൻഎസ് അരിഹന്തും 2024 ഓഗസ്റ്റിൽ ഐഎൻഎസ് അരിഘാതും നാവികസേനയുടെ ഭാഗമായിരുന്നു.
ഏകദേശം 7,000 ടൺ ഭാരമുള്ള ഈ അന്തർവാഹിനി മുൻഗാമികളായ അരിഹന്തിനേക്കാളും അരിഘാതിനേക്കാളും വലുതും അത്യാധുനികവുമാണ്. 750 കിലോമീറ്റർ ദൂരപരിധിയുള്ള 24 കെ-15 സാഗരിക മിസൈലുകളോ അല്ലെങ്കിൽ 3,500 കിലോമീറ്റർ ദൂരപരിധിയുള്ള എട്ട് കെ-4 മിസൈലുകളോ വഹിക്കാനുള്ള ശേഷിയുണ്ട്. അത്യാധുനിക സോണാർ സംവിധാനങ്ങളും ശത്രുക്കളുടെ കണ്ണിൽപ്പെടാത്ത വിധത്തിലുള്ള അക്കോസ്റ്റിക് സപ്രഷൻ സാങ്കേതികവിദ്യയും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
വിശാഖപട്ടണത്തെ ഷിപ്പ് ബിൽഡിംഗ് സെന്ററിൽ നിർമ്മിച്ച അരിദാമൻ കമ്മീഷൻ ചെയ്തതോടെ, ഒരേസമയം മൂന്ന് ആണവ അന്തർവാഹിനികൾ കടലിൽ വിന്യസിക്കാനുള്ള ശേഷി ഇന്ത്യ കൈവരിച്ചു. ഇതോടൊപ്പം തന്നെ തദ്ദേശീയമായി നിർമ്മിച്ച യുദ്ധക്കപ്പൽ ഐഎൻഎസ് താരഗിരിയും നാവികസേനയ്ക്ക് സമർപ്പിച്ചു. സമുദ്രാതിർത്തിയിലെ വെല്ലുവിളികൾ നേരിടുന്നതിൽ ഇന്ത്യയുടെ പുതിയ ചുവടുവെപ്പ് നിർണ്ണായകമാകും.










0 comments