ദേശീയ സുരക്ഷാ വിവരങ്ങൾ ചോർത്താൻ വിദേശ ഏജൻസികൾ; വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യയുടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങൾ ചോർത്താൻ വിദേശ ഏജൻസികൾ വിദ്യാർത്ഥികളെയും അധ്യാപകരെയും കരുവാക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
പ്രതിരോധം, വിദേശകാര്യം, സൈനികാഭ്യാസം തുടങ്ങിയ മേഖലകളിലെ രഹസ്യ വിവരങ്ങൾ ശേഖരിക്കാൻ വിദേശ ശക്തികൾ വിപുലമായ ശൃംഖല പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
ഇന്ത്യയിലെ തന്ത്രപ്രധാനമായ സൈനിക വിന്യാസം, പ്രതിരോധ സംഭരണം, നിർണായക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് ലേഖനങ്ങൾ എഴുതാനെന്ന വ്യാജേനയാണ് വിദ്യാർത്ഥികളെ ഇവർ സമീപിക്കുന്നത്.
വിദേശ കൺസൾട്ടിംഗ് സ്ഥാപനങ്ങളെന്ന വ്യാജേന ലിങ്ക്ഡ് ഇൻ, നൗകരി തുടങ്ങിയ പോർട്ടലുകൾ വഴിയാണ് ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നത്. ഇത്തരം ലേഖനങ്ങൾക്ക് ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകൾ വഴിയോ വിദേശ പണമിടപാടുകൾ വഴിയോ പ്രതിഫലം നൽകുന്നു.
പാൻ കാർഡ്, ആധാർ കാർഡ് തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച് അതുപയോഗിച്ച് സൈബർ തട്ടിപ്പുകൾ നടത്താനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിലുണ്ട്. വിദ്യാർത്ഥികളും അധ്യാപകരും ഇത്തരം വിദേശ ഏജൻസികളുടെ ചതിക്കുഴികളിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി.
മാധ്യമ പ്രവർത്തനത്തിലോ പ്രതിരോധ മേഖലയിലോ പരിചയമുള്ളവരെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിടുന്നത്. അപരിചിതമായ ഇടപാടുകളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.








0 comments