നീലക്കുറിഞ്ഞി: മലയാളം മിഷൻ കുവൈത്ത് ചാപ്റ്ററിന് നൂറുമേനി

കുവൈത്ത് സിറ്റി: മലയാളം മിഷൻ നീലക്കുറിഞ്ഞി 2026 പരീക്ഷയിൽ കുവൈത്ത് ചാപ്റ്ററിന് നൂറുശതമാനം വിജയം. പരീക്ഷാഭവൻ പ്രസിദ്ധീകരിച്ച ഫലത്തിൽ മുഴുവൻ മാർക്കും നേടിയ അഞ്ചു വിദ്യാർഥികളിൽ രണ്ടുപേർ കുവൈത്ത് ചാപ്റ്ററിനു കീഴിലെ കല കുവൈത്ത് മേഖലയിൽനിന്നുള്ള ലിയ റോസ് ബിജുവും ഡാനി ജോൺ തോമസുമാണ്. കല കുവൈത്ത്, എസ്.എം.സി.എ മേഖലകളിൽനിന്നുള്ള വിദ്യാർഥികളാണ് കുവൈത്തിൽ പരീക്ഷയെഴുതിയത്.
മലയാളം മിഷന്റെ നീലക്കുറിഞ്ഞി സീനിയർ സർട്ടിഫിക്കറ്റ് കേരള സർക്കാരിന്റെ പത്താം ക്ലാസ് ഭാഷാപ്രാവീണ്യത്തിന് തുല്യമായ യോഗ്യതയാണ്. ഉപരിപഠനത്തിനും വിവിധ തൊഴിൽ അവസരങ്ങൾക്കും സർട്ടിഫിക്കറ്റ് പ്രയോജനപ്പെടും.
വിദ്യാർഥികളുടെ കഠിനാധ്വാനവും രക്ഷിതാക്കളുടെ പിന്തുണയും അധ്യാപകരുടെ മാർഗനിർദേശവുമാണ് നേട്ടത്തിന് പിന്നിലെന്ന് ചാപ്റ്റർ ഭാരവാഹികൾ പറഞ്ഞു. വിജയിച്ച എല്ലാ വിദ്യാർഥികളെയും അഭിനന്ദിച്ച ഭാരവാഹികൾ, ഈ നേട്ടം കുട്ടികളിൽ മാതൃഭാഷാ പഠനത്തോടുള്ള താൽപ്പര്യം വർധിപ്പിക്കുമെന്നും അഭിപ്രായപ്പെട്ടു.









0 comments