ഭരണകൂട ഭയം ഭേദിച്ച ജന്തര്‍ മന്തറിലെ സമരനായികമാര്‍

ന്യൂഡൽഹി : ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന അതിശക്തമായ പ്രതിഷേധത്തില്‍, ഏറ്റവും ശക്തമായി ഉയർന്ന് കേൾക്കുന്നത് സമരമുഖത്തെ വനിതാ പോരാളികളുടെ ശബ്ദം. പൊലീസിന്റെ നരനായാട്ടിനെ വകവെയ്ക്കാതെ ഈ പെണ്‍പട മുദ്രാവാക്യങ്ങളുമായി മുന്നറുന്നു. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുന്ന ഇന്ത്യന്‍ സ്ത്രീത്വത്തിന്‍റെ അതിശക്തമായ പ്രതിരോധമാണ് ഈ സമരവേദികളില്‍ കാണുന്നത്.
ജനാധിപത്യത്തെ ഇല്ലാതാക്കുന്ന നടപടികൾ സ്വീകരിച്ച ഗ്യാനേഷ് കുമാറിനെതിരെ ജന്തർമന്തറിലും പരിസര പ്രദേശങ്ങളിലും നടന്ന പ്രക്ഷോഭങ്ങളെ മുന്നിൽ നിന്ന് നയിച്ചത് ഇടതുപക്ഷ വനിതാ നേതാക്കളും യുവജനങ്ങളും വിദ്യാര്‍ഥികളുമായിരുന്നു.
എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്, ഐസ പ്രസിഡന്‍റ് നേഹ ബോറ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന മാർച്ചുകളിൽ നൂറുകണക്കിന് പെൺകുട്ടികളാണ് പങ്കെടുക്കുന്നത്. ഡൽഹി പൊലീസിന്റെ ബാരിക്കേഡുകൾ ഭേദിച്ച് അവരെ മുന്നോട്ട് നയിക്കാൻ വനിതാ നേതാക്കളുമുണ്ട്.
വനിതാമാധ്യമപ്രവർത്തകരെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഉയര്‍ത്തിയത് സിപിഐ എം മുതിർന്ന നേതാവ് ബൃന്ദ കാരാട്ടാണ്. വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുന്നത് ബൃന്ദ കാരാട്ട് തടഞ്ഞു.
പൊലീസിന്റെ അതിക്രമങ്ങളെയും അടിച്ചമർത്തലുകളെയും ചോദ്യം ചെയ്തുകൊണ്ട് കേരളത്തില്‍ നിന്നും എസ്എഫ്ഐ, ഡിവൈഎഫ്ഐ വനിതാ നേതാക്കളും സമരമുഖത്തെത്തിയിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് ചിന്താ ജെറോം ഉൾപ്പെടെയുള്ള വനിതാ മുഖങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ ശക്തമായ നിലപാടുകളുമായിയെത്തി.
സമരക്കാരിൽ പലരും ശാരീരികമായി ആക്രമിക്കപ്പെട്ടപ്പോഴും പിന്മാറാൻ അവർ തയ്യാറായില്ല. വനിതാപ്രവർത്തകരെ പുരുഷ പൊലീസ് വലിച്ചിഴക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. നേഹ ബോറയെ പുരുഷ പൊലീസുകാർ മാത്രം സഞ്ചരിച്ച കാറിലാണ് സ്റ്റേഷനിലെത്തിച്ചത്. ഇതിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകരുൾപ്പെടെ തെരുവിലിറങ്ങി. സമരങ്ങളിലും പ്രതിഷേധങ്ങളിലും യുദ്ധങ്ങളിലുമടക്കം ഇരകളാകുന്നത് സ്ത്രീകളാണ്. കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്ന വിഭാഗമായതിനാല്‍ തന്നെ അതിശക്തമായി അവര്‍ പ്രതികരിക്കുകയും ചെയ്യുന്നു.
വനിതാ പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും നേരെയുള്ള പൊലീസിന്റെ അതിക്രമത്തെ ചോദ്യം ചെയ്ത് എസിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധക്കാർ രംഗത്തെത്തി. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറാകാത്തതിനെ തുടർന്ന് വനിതാ പ്രവർത്തകരും മാധ്യമപ്രവർത്തകരും പൊലീസ് സ്റ്റേഷന് മുന്നിൽ മണിക്കൂറുകളോളം കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്ത്രീകളുടെ സുരക്ഷയെയും അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന നടപടിക്കെതിരെ ശക്തമായ പോരാട്ടമാണ് ജന്തർ മന്തറിൽ കണ്ടത്.








0 comments