print edition വെസ്‌റ്റ് ബാങ്കിലെ ഇസ്രയേൽ അധിനിവേശം ; ഒടുവില്‍ അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി
വെസ്‌റ്റ് ബാങ്കിൽ ഇസ്രയേലിന്റെ ഏകപക്ഷീയ അധിനിവേശത്തെ അപലപിച്ച് ഇന്ത്യ. ഇസ്രയേൽ നടപടിയെ വിമർശിച്ച് നൂറോളം രാജ്യങ്ങളും ലോകസംഘടനകളും തയ്യാറാക്കിയ സംയുക്തപ്രസ്‌താവനയിൽ അവസാനനിമിഷമാണ് ഇന്ത്യ ഒപ്പിട്ടത്. ഇസ്ര യേൽ കടന്നാക്രമണങ്ങളെ വിമർശിച്ച് 85 രാജ്യങ്ങൾ ബുധനാഴ്‌ച പുറപ്പെടുവിച്ച ആദ്യ പ്രസ്‌താവനയിൽ ഇന്ത്യയുടെ പേരുണ്ടായിരുന്നില്ല. അതേസമയം അറബ്‌ലീഗ്, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ, യൂറോപ്യൻ യൂണിയൻ കൂട്ടായ്‌മകളിലെ അംഗങ്ങൾ പ്രസ്‌താവനയെ പിന്തുണച്ച് രംഗത്തെത്തിയതോടെ അവസാനനിമിഷം കേന്ദ്രസർക്കാരും അതിനെ പിന്തുണയ്‌ക്കാൻ നിർബന്ധിതരായി.
‘വെസ്‌റ്റ്‌ബാങ്കിലെ നിയമവിരുദ്ധമായ സാന്നിധ്യം വിപുലീകരിക്കാനായി ഇസ്രയേൽ നടത്തുന്ന ഏകപക്ഷീയ നീക്കങ്ങളെ ശക്തമായി എതിർക്കുന്നു. അന്താരാഷ്ട്രനിയമങ്ങൾ അനുസരിച്ചുള്ള ഇസ്രയേലിന്റെ ഉത്തരവാദിത്വങ്ങൾക്ക് കടകവിരുദ്ധമായ നടപടികളാണ് അവരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഏതെങ്കിലും തരത്തിലുള്ള പിടിച്ചടക്കലുകൾക്ക് എതിരായ ശക്തമായ പ്രതിഷേധം ഒരിക്കൽകൂടി രേഖപ്പെടുത്തുന്നു’– എന്നാണ് സംയുക്ത പ്രസ്‌താവനയിൽ പറയുന്നത്.
പലസ്‌തീന് എതിരായ ഇസ്രയേലിന്റെ കടന്നാക്രമണങ്ങളെ ന്യായീകരിച്ചിരുന്ന ജർമനിയെ പോലെയുള്ള രാജ്യങ്ങൾ പോലും വെസ്‌റ്റ്‌ബാങ്കിലെ അവരുടെ അനധികൃത നടപടികൾക്ക് എതിരായ പ്രസ്‌താവനയെ പിന്തുണച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ, സംയുക്തപ്രസ്‌താവനയെ പിന്തുണച്ചില്ലെങ്കിൽ ഇസ്രയേലിനെ ഇന്ത്യ പരസ്യമായി പിന്തുണയ്‌ക്കുന്നുവെന്ന പ്രതീതിയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് മോദി സർക്കാർ അവസാനനിമിഷം പ്രസ്‌താവനയെ പിന്തുണച്ചത്.










0 comments