സ്‌ഫോടനദിവസം എടിഎമ്മിൽ പണം പിൻവലിച്ചു; രണ്ട് ഫോണുകളും അഞ്ച് സിമ്മും; ഉമറിനെ കുടുക്കാഞ്ഞത് ഗുരുതര വീഴ്‌ച; വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി സ്‌ഫോടനത്തിന് വഴിയൊരുക്കിയത് ഗുരുതര സുരക്ഷാ വീഴ്‌ചകളെന്ന് വെളിപ്പെടുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ‘വൈറ്റ് കോളാർ’ ഭീകരസംഘത്തിലെ മുസമിൽ ഗനായ് അറസ്റ്റിലായ ഒക്‌ടോബർ 30 മുതൽ ചാവേറായ ഉമർ നബിക്കുവേണ്ടിയുള്ള അന്വേഷണം ഉൗർജിതമായിരുന്നു.
സ്‌ഫോടനമുണ്ടാകുന്നതിന് മുൻപുള്ള ദിവസങ്ങളിൽ ഉമർ മൊബൈൽ ഫോൺ, എടിഎം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗിച്ചിരുന്നു. മാത്രമല്ല കേന്ദ്ര ഏജൻസികളുടെയും പൊലീസിന്റെയും മൂക്കിൻ തുന്പത്ത് കൂടിയായിരുന്നു ഉമർ കറങ്ങി നടന്നത്. എന്നിട്ടും ഉമറിനെ പിടികൂടാനായില്ല എന്നത് സ്‌ഫോടനത്തിന് കാരണം സുരക്ഷാ വീഴ്‌ചകൾ കൂടിയാണെന്ന് ഉറപ്പിക്കുന്നു. ജമ്മു കശ്‌മീരിൽ ജയ്‌ഷെ മുഹമ്മദ് പോസ്റ്ററുകൾ കണ്ട ഒക്‌ടോബർ 30 മുതൽ ഭീകരസംഘത്തെക്കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചിരുന്നു.
ഉമർ അവസാന ദിനങ്ങളിൽ എന്തുചെയ്യുകയാണെന്ന് സ്ഥിരീകരിക്കുന്നതിനായി 65ൽ അധികം സിസിടിവികളാണ് അന്വേഷണ സംഘം പരിശോധിച്ചത്. മുസമിൽ അറസ്റ്റിലായ ദിവസം അൽ സർവകലാശാലയിൽ നിന്ന് വെറും 800 മീറ്ററിനപ്പുറം ഉമറുണ്ടായിരുന്നുവെന്ന് പരിശോധനയിൽ വ്യക്തമായി. രണ്ട് മൊബൈലും ഒരു കറുത്ത ബാഗും ഇൗ സമയം ഉമറിന്റെ കയ്യിലുണ്ടായിരുന്നെന്നും അന്വേഷണ സംഘത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടു ഫോണുകളിൽ ഒന്ന് പതിവ് ആശയവിനിമയത്തിനായും മറ്റൊന്ന് ഭീകരപ്രവർത്തനങ്ങൾക്കും വേണ്ടിയായിരുന്നു. അഞ്ച് സിം കാർഡുകളായിരുന്നു ഉപയോഗിച്ചത്.
സ്‌ഫോടന ദിവസം പുലർച്ചെ ഒരു മണി കഴിഞ്ഞ സമയത്ത് ഹരിയാനയിലെ നൂഹിലുള്ള എടിഎമ്മിൽ നിന്ന് 76,000 രൂപയാണ് ഉമർ പിൻവലിച്ചത്. ആദ്യം ഒരു എടിഎമ്മിന് മുന്നിലെത്തുകയും അവിടുള്ള സെക്യൂരിറ്റിയെ കുടുംബത്തിൽ ചികിത്സാ ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് മറ്റൊരു എടിഎമ്മിലേക്ക് കൊണ്ടുപോയി പണം പിൻവലിക്കുകയുമായിരുന്നു.
തുടർന്ന് തനിക്ക് ആയിരം രൂപ നൽകിയെന്നും സെക്യൂരിറ്റി മോഹർ സിങ് സാക്ഷ്യപ്പെടുത്തുന്നതായി റിപ്പോർട്ടുണ്ട്. ബെഡ്‌ഷീറ്റ് കൊണ്ട് മറച്ച വസ്തുക്കൾ കാറിന്റെ പിൻസീറ്റിലുണ്ടായിരുന്നെന്നും സെക്യൂരിറ്റി പറയുന്നു. നൂഹിൽ തന്നെയായിരുന്നു സ്‌ഫോടനത്തിന് മുൻപുള്ള ദിവസങ്ങളിൽ ഉമർ കാറുമായി കേന്ദ്രീകരിച്ചത്. മുസമിൽ അറസ്റ്റലയാതുമുതൽ അന്വേഷണം കേന്ദ്രീകരിച്ച അൽ ഫലാഹ് സർവകലാശാലയിൽ നിന്ന് കിലോമീറ്റർ മാത്രം അകലെയുള്ള നൂഹിലേക്ക് അന്വേഷണ സംഘത്തിന്റെ ശ്രദ്ധ പോയില്ല എന്നതും വീഴ്‌ചയാണ്.









0 comments