തീയ്ക്കു മുകളിൽ തലകീഴായി കെട്ടിയിട്ട് മന്ത്രവാദം: ആറുമാസം പ്രായമായ കുഞ്ഞിന്റെ കാഴ്‌ച നഷ്ടപ്പെട്ടു

ഭോപ്പാൽ : തീ കുണ്ഡത്തിൽ തലകീഴായി ആറുമാസം പ്രായമായ കുഞ്ഞിനെ കെട്ടിയിട്ട് ബാധയൊഴിപ്പിക്കൽ ചടങ്ങ്. സംഭവത്തെത്തുടർന്ന് കുഞ്ഞിന്റെ കാഴ്‌ചശക്തി നഷ്ടപ്പെട്ടു. മധ്യപ്രദേശിലെ ശിവ്‌പുരി ജില്ലയിൽ വ്യാഴാഴ്‌ചയാണ് ദാരുണ സംഭവം. ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് കുട്ടിയെ മാതാപിതാക്കളാണ് മന്ത്രവാദിക്കരികിൽ കൊണ്ടുപോയത്. കുട്ടിക്ക് ബാധ കേറിയതായും അതൊഴിപ്പിക്കാൻ പൂജ നടത്തണമെന്നും മന്ത്രവാദി നിർദേശിച്ചു.
തുടർന്ന് മന്ത്രവാദിയായ രഘുവീർ ധക്കാഡ് തീക്കുണ്ഡത്തിൽ കുഞ്ഞിനെ തലകീഴായി പിടിക്കുകയായിരുന്നു. കുട്ടി കരഞ്ഞെങ്കിലും ബാധ ഒഴിയുന്നതുകൊണ്ടുള്ള കരച്ചിലാണെന്നാണ് മന്ത്രവാദി പറഞ്ഞത്.
കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവത്തിന്റെ വിവരം പുറത്തറിഞ്ഞത്. കോട്ട്വാർ സ്വദേശിയായ ജൻവീദ് പരിഹറാണ് സംഭവത്തിൽ പൊലീസിൽ പരാതി നൽകിയത്. ധക്കാഡിനെ അറസ്റ്റ് ചെയ്‌തിട്ടില്ലെന്നും കേസിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഐസിയു കഴിയുന്ന കുട്ടിയുടെ ആരോഗ്യാവസ്ഥയെകുറിച്ച് മൂന്നുദിവസത്തെ നിരീക്ഷണശേഷം പറയാൻ സാധിക്കുവെന്നും കുട്ടിയുടെ കാഴ്ച തിരിച്ചുകിട്ടുന്നതിനെപ്പറ്റി ഇപ്പോൾ ഒന്നും പറയാൻ സാധിക്കില്ലെന്നും ഡോക്‌ടർ അറിയിച്ചു.









0 comments