വാക്സിനേഷൻ എടുത്തു; പിറ്റേന്ന് ഒരുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, ഝാർഖണ്ഡിൽ ചികിത്സാപ്പിഴവെന്ന് പരാതി

കോഡെർമ: അങ്കണവാടി കേന്ദ്രത്തിൽ നിന്ന് വാക്സിനേഷൻ എടുത്തതിന് പിന്നാലെ ഒരു മാസവും എട്ട് ദിവസവും പ്രായമുള്ള കുഞ്ഞ് മരിച്ചു. ഝാർഖണ്ഡിലെ കോഡെർമ ജില്ലയിലെ ഡോംചഞ്ച് ബ്ലോക്കിലെ മഹതാദി അങ്കണവാടി കേന്ദ്രത്തിലാണ് സംഭവം നടന്നത്. കുഞ്ഞിന്റെ മരണത്തെത്തുടർന്ന് രോഷാകുലരായ കുടുംബാംഗങ്ങളും നാട്ടുകാരും ഡോംചഞ്ചിലെ ഷഹീദ് ചൗക്കിൽ കോഡെർമ-ഗിരിദി പ്രധാന റോഡ് ഉപരോധിച്ചു.
വാക്സിനേഷൻ നൽകുന്നതിൽ ഓക്സിലറി നഴ്‌സ് മിഡ്‌വൈഫ് റിങ്കി ദേവി അനാസ്ഥ കാണിച്ചതായി കുഞ്ഞിന്റെ മാതാപിതാക്കളായ രൂപാ ദേവിയും പപ്പു സാവോയും ആരോപിച്ചു. കുഞ്ഞിന് ബിസിജി വാക്സിൻ മാത്രമാണ് നൽകേണ്ടിയിരുന്നതെന്നും എന്നാൽ നാല് വാക്സിനുകൾ ഒരുമിച്ച് നൽകിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
കുഞ്ഞിന്റെ പ്രായക്കുറവ് ചൂണ്ടിക്കാട്ടി ഒരു വാക്സിൻ മാത്രം നൽകണമെന്ന് താൻ ആരോഗ്യപ്രവർത്തകയോട് പ്രത്യേകം പറഞ്ഞിരുന്നതായി അമ്മ രൂപാ ദേവി പറഞ്ഞു. എന്നാൽ പേടിക്കാൻ ഒന്നുമില്ലെന്ന് ഉറപ്പുനൽകിയ ആരോഗ്യപ്രവർത്തക നാല് വാക്സിനുകൾ കുഞ്ഞിന് നൽകുകയായിരുന്നുവെന്ന് അവർ ആരോപിച്ചു. വാക്സിനേഷൻ കാരണമാണോ കുഞ്ഞ് മരിച്ചത് എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വൈദ്യപരിശോധനയ്ക്കും ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിനും ശേഷമേ മരണകാരണം വ്യക്തമാകൂ.
വിവരമറിഞ്ഞ് സർക്കിൾ ഓഫീസർ രവീന്ദ്ര പാണ്ഡെ, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ ഭോല പാണ്ഡെ, പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് ശശി ഭൂഷൺ കുമാർ എന്നിവരും സ്ഥലത്തെത്തി. ഉദ്യോഗസ്ഥർ കുടുംബാംഗങ്ങളുമായും നാട്ടുകാരുമായും ചർച്ച നടത്തുകയും സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.








0 comments