വ്യോമാതിർത്തി അടച്ചിടൽ: ഇന്ത്യൻ വിമാനക്കമ്പനികളെ ബാധിക്കും
ജല കരാർ മരവിപ്പിച്ചത് പാകിസ്ഥാന് ആഘാതം

ന്യൂഡൽഹി : സിന്ധു നദിജല കരാർ ഇന്ത്യ മരവിപ്പിക്കുന്നത് പാകിസ്ഥാന് കനത്ത ആഘാതമാകും. മേഖലയിലെ മുഴുവൻ കൃഷിയും സമ്പദ്‌വ്യവസ്ഥയും സിന്ധുവും പോഷക നദികളും ഉൾപ്പെടുന്ന ജലസ്രോതസ്സുകളെയാണ് ആശ്രയിക്കുന്നത്. 2019ലെ ലോക ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം പാകിസ്ഥാന്റെ 90 ശതമാനം കൃഷിക്കും ജലസേചനത്തിന് ആശ്രയമാകുന്നത് സിന്ധു നദിയാണ്. യുദ്ധഘട്ടത്തിൽപ്പോലും ഇന്ത്യ മരവിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മാതൃകാപരമായ കരാർ എന്ന് വിശേഷിപ്പിക്കപ്പെട്ട കരാറാണ് പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ മരവിപ്പിച്ചത്.
ഇന്ത്യയിലുത്ഭവിച്ച് പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദിയാണ് സിന്ധു. ബിയാസ്, രവി, സത്‍ലജ് നദികളുടെ നിയന്ത്രണം (അതായത് ആകെയുള്ളതിൽ 20 ശതമാനം വെള്ളം) ഇന്ത്യക്കും സിന്ധു, ചെനാബ്, ഝലം നദികളുടെ (വെള്ളത്തിന്റെ 80 ശതമാനം)നിയന്ത്രണം പാകിസ്ഥാനും എന്നതാണ് കരാർ. ലോക ബാങ്കിന്റെ മധ്യസ്ഥതയിലാണ് കരാറുണ്ടായത്.
യുദ്ധകാലാടിസ്ഥാനത്തിൽ വർഷങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമേ ഇന്ത്യക്ക് ഒഴുക്ക് തടയാനാകൂ. ചെനാബ് നദീതടത്തിൽ അഞ്ചു വർഷത്തിൽ പൂർത്തിയാക്കാവുന്ന നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കിഷൻഗംഗ പദ്ധതിയിലെ നിർമാണങ്ങൾ വഴിയും ഒഴുക്ക് നിയന്ത്രിക്കാനാവും. ഈ പദ്ധതിയെ പാകിസ്ഥാൻ ചോദ്യം ചെയ്‌തിരുന്നു.
വ്യോമാതിർത്തി അടച്ചിടൽ: ഇന്ത്യൻ വിമാനക്കമ്പനികളെ ബാധിക്കും
പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചിടുന്നത് ഇന്ത്യൻ വിമാനക്കമ്പനികളെ പ്രതികൂലമായി ബാധിക്കും. വിമാനങ്ങളുടെ യാത്രാദൈർഘ്യം, ഇന്ധനക്ഷാമം എന്നിവയാണ് ഇന്ത്യൻ വിമാനക്കമ്പനികൾ നേരിടാൻ പോകുന്ന പ്രതിസന്ധികൾ. 2019-ൽ ബാലകോട്ട് വ്യോമാക്രമണത്തെത്തുടർന്ന് പാകിസ്ഥാൻ ദീർഘകാലത്തേക്ക് വ്യോമാതിർത്തി അടച്ചപ്പോൾ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ഏകദേശം 700 കോടി രൂപയുടെ നഷ്‌ടമാണുണ്ടായത്. ഇന്ത്യയിലെ പ്രധാന വിമാനക്കമ്പനികളായ എയർ ഇന്ത്യ, ഇൻഡിഗോ എന്നിവ പടിഞ്ഞാറൻ ഭാഗത്തേക്കുള്ള യാത്രയ്‌ക്ക് പാകിസ്ഥാന്റെ മുകളിലൂടെയാണ് പറക്കുന്നത്.
അമൃത്‌സർ, ലഖ്‌നൗ തുടങ്ങിയ വടക്കേ ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് പടിഞ്ഞാറോട്ട് പോകുന്ന അന്താരാഷ്ട്ര വിമാന സർവീസുകളെയും ഇത് ബാധിക്കും.
പ്രതികാരനടപടികളുമായി പാകിസ്ഥാൻ
പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയുടെ നയതന്ത്ര മറുപടിക്ക് പ്രതികാരനടപടികളുമായി പാകിസ്ഥാൻ. സിന്ധുനദീജല കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഏകപക്ഷീയമെന്ന് കുറ്റപ്പെടുത്തിയ പാകിസ്ഥാൻ ഷിംല കരാർ ഉൾപ്പെടെയുള്ള കരാറുകളിൽനിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചു. ഇന്ത്യക്ക് വ്യോമപാത അടയ്‌ക്കാനും വ്യാപാരബന്ധം റദ്ദാക്കാനും പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സുരക്ഷാസമിതി യോഗം തീരുമാനിച്ചു. മൂന്നു സൈനികമേധാവികളും മന്ത്രമാരും യോഗത്തിൽ പങ്കെടുത്തു.
സാർക്ക് വിസാ ഇളവ് പദ്ധതി പ്രകാരം ഇന്ത്യക്കാർക്ക് അനുവദിച്ച എല്ലാ വിസകളും അസാധുവാക്കിയ പാകിസ്ഥാൻ സിഖ് തീർഥാടകർ ഒഴികെയുള്ളവരെല്ലാം 48 മണിക്കൂറിനകം രാജ്യംവിട്ടുപോകാൻ നിർദ്ദേശിച്ചു. പാകിസ്ഥാനിലുള്ള ഇന്ത്യൻ പൗരന്മാർ 30നകം അതിർത്തി കടക്കണം.
സിന്ധുനദീജല കരാർ ഇന്ത്യ റദ്ദാക്കിയതിനെ പാക് ഉന്നതലയോഗം രൂക്ഷമായി വിമർശിച്ചു. മേഖലയുടെ സ്ഥിരതയ്‌ക്ക് അത്യന്താപേക്ഷിതമായ ഉടമ്പടിയിലൂടെ ലഭിക്കുന്ന ജലം 24 കോടി പാകിസ്ഥാൻകാരുടെ ജീവിതമാർഗമാണ്. എന്തുവിലകൊടുത്തും ജലാവകാശം സംരക്ഷിക്കാൻ പാകിസ്ഥാൻ പ്രതിജ്ഞാബദ്ധമാണ്. കരാർ പ്രകാരം പാകിസ്ഥാന് ലഭിക്കേണ്ട ജലം തടയുന്നതിനോ വഴിതിരിച്ചുവിടുന്നതിനോ ഉള്ള ഏതൊരു ശ്രമവും യുദ്ധമായി കണക്കാക്കുമെന്നും പാകിസ്ഥാൻ പ്രസ്താവനയിൽ പറഞ്ഞു.










0 comments