രാജ്യത്തെ വൃത്തിയുള്ള നഗരത്തിൽ വെള്ളമില്ല; തെരുവിലിറങ്ങി പ്രതിഷേധിച്ച് ജനങ്ങൾ

മുംബൈ: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന ഖ്യാതിയുള്ള മഹാരാഷ്ട്രയിലെ ഇൻഡോർ വറ്റിവരളുകയാണ്. ദാഹജലത്തിനുപോലും ഒരുതുള്ളി വെള്ളത്തിനായി ജനങ്ങൾ ബുദ്ധിമുട്ട് നേരിടുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. തുടർച്ചയായി എട്ട് വർഷമായി രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പട്ടം ചുമക്കുന്ന ഇൻഡോർ നഗരത്തിൽ ആയിരക്കണക്കിന് കുടുംബങ്ങളാണ് കടുത്ത ജലക്ഷാമം നേരിടുന്നത്. 'ദാഹജലം അവകാശമാണ്, വെള്ളം തരൂ' എന്ന മുദ്രാവാക്യവുമായി ആയിരക്കണക്കിനാളുകളാണ് തെരുവിലിറങ്ങിയത്. കുടിവെള്ളത്തിനായി ഒരു ജനതയാകെ തെരുവിലിറങ്ങുകയാണ്. എല്ലാ സുഖ സൗകര്യങ്ങളും ജനങ്ങൾക്ക് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ബിജെപിയുടെ ട്രിപ്പിൾ എൻജിൻ സർക്കാർ പൂണ പരാജയമാണെന്നും ജനങ്ങൾ പ്രതികരിച്ചു.
ഇൻഡോറിൽ പലയിടങ്ങളിലും രണ്ട് ദിവസത്തിലൊരിക്കൽ മാത്രമാണ് ജലവിതരണം. സ്ത്രീകൾക്ക് വെള്ളത്തിനായി ദീർഘദൂരം നടക്കേണ്ടി വരുന്നു. ഭൂഗർഭജലനിരപ്പ് താഴ്ന്നതും നഗരത്തിലെ പകുതിയിലധികം കുഴൽക്കിണറുകളും വറ്റിവരണ്ടതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. അയൽപക്കങ്ങളിൽ വാട്ടർ ടാങ്കറുകൾ എത്തുമ്പോൾ വെള്ളത്തിനായി ആളുകൾ തമ്മിൽ തർക്കങ്ങളും സംഘർഷങ്ങളും ഉണ്ടാകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. ഭൂഗർഭ ജലനിരപ്പ് താഴ്ന്ന് ജലക്ഷാമം രൂക്ഷമായപ്പോൾ ബദൽ മാർഗങ്ങളൊരുക്കാതെ ജനപ്രതിനിധികളും അധികാര കേന്ദ്രങ്ങളും തങ്ങളെ വഞ്ചിച്ചുവെന്ന് ജനം പറയുന്നു. ജനങ്ങൾ റോഡ് ഉപരോധിച്ചും, മൺപാത്രങ്ങൾ തകർത്തും, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കെതിരെ മുദ്രാവാക്യം വിളിച്ചും തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
വേനൽക്കാലം കടുത്തതോടെ ഇൻഡോറിലെ സാധാരണ പ്രദേശങ്ങൾക്ക് പുറമേ, നിരവധി ആഡംബര/ഉയർന്ന റെസിഡൻഷ്യൽ പ്രദേശങ്ങളും ബഹുനില അപ്പാർട്ട്മെന്റ് സമുച്ചയങ്ങളും കടുത്ത ജലക്ഷാമം നേരിടുന്നുണ്ട്. നഗരത്തിലെ കുഴൽക്കിണറുകൾ വറ്റിവരണ്ടതും നർമ്മദ പദ്ധതിയിൽ നിന്നുള്ള ജലവിതരണം ആവശ്യത്തിന് തികയാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. സാകേത്, റേസ് കോഴ്‌സ് റോഡ്, കാഞ്ചൻ ബാഗ്, മനോരമഗഞ്ച്, നിപാനിയ, മഹാലക്ഷ്മി നഗർ, വിജയ് നഗർ എക്സ്റ്റൻഷൻ, സൂപ്പർ കോറിഡോറിന്റെ ചില ഭാഗങ്ങൾ എന്നിവടങ്ങളിലെ റെസിഡൻഷ്യൽ ക്ലസ്റ്ററുകളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.
അടിസ്ഥാന ആവശ്യങ്ങൾക്കായി കഴിഞ്ഞ ഒരു മാസമായി ഈ പ്രദേശങ്ങളിലെ താമസക്കാർ വിലകൂടിയ സ്വകാര്യ വാട്ടർ ടാങ്കറുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഭൂരിഭാഗം ഹൗസിംഗ് സൊസൈറ്റികളും ദിവസേന മൂന്നോ നാലോ ടാങ്കറുകൾ വരെ വരുത്തുന്നുണ്ട്. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന സാധാരണക്കാരായ ജനങ്ങൾക്ക് വലിയ തുക നൽകി വെള്ളം വാങ്ങാനുള്ള സ്ഥിതിയില്ല. അതിനാൽ തന്നെ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും വെള്ളം ലഭിക്കാതെ പൊറുതിമുട്ടുകയാണ് ജനം. അതേസമയം, ജല പ്രതിസന്ധി മറികടക്കാൻ നർമ്മദ പദ്ധതിക്ക് പുറമേ 616 വാടക ടാങ്കറുകളും 79 മുനിസിപ്പൽ ടാങ്കറുകളും വഴി സൗജന്യമായി വെള്ളം വിതരണം ചെയ്യുന്നുണ്ടെന്നാണ് മുനിസിപ്പൽ കോർപറേഷന്റെ വാദം.









0 comments