ad
Deshabhimani

ഇൻഡോറിലെ കുടിവെള്ള മലിനീകരണം: റിപ്പോർട്ട് തേടി കേന്ദ്രം; പൈപ്പ് ലൈനുകൾ മാറ്റാൻ നടപടി

Indore.jpg
വെബ് ഡെസ്ക്

Published on Feb 03, 2026, 04:53 PM | 1 min read

ന്യൂഡൽഹി: മധ്യപ്രദേശിലെ ഇൻഡോറിൽ കുടിവെള്ളം മലിനമായതിനെത്തുടർന്ന് നിരവധി പേർ മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ റിപ്പോർട്ട് തേടി. രാജ്യസഭയിൽ ശിവസേന (യുബിടി) എംപി സഞ്ജയ് റൗത്തിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര നഗരവികസന സഹമന്ത്രി തൊഖാൻ സാഹുവാണ് ഇക്കാര്യം അറിയിച്ചത്.


ഇൻഡോറിലെ ഭാഗീരഥ്‌പുര മേഖലയിലുണ്ടായ ദുരന്തം ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി. 1997-ൽ സ്ഥാപിച്ച പഴയ പൈപ്പ് ലൈനുകൾ തകരാറിലായതാണ് മലിനജലം കുടിവെള്ളത്തിൽ കലരാൻ കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തൽ.


അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി ഈ മേഖലയിലെ പഴയ പൈപ്പ് ലൈനുകൾ മാറ്റിസ്ഥാപിക്കാനുള്ള നടപടികൾക്ക് നഗരസഭ തുടക്കം കുറിച്ചിട്ടുണ്ട്. 1,142 കോടി രൂപയുടെ കുടിവെള്ള പദ്ധതികളും 534 കോടി രൂപയുടെ മലിനജല സംസ്‌കരണ പദ്ധതികളും ഇൻഡോറിനായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.


ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം 14,181 പൈപ്പ് ലീക്കുകൾ കണ്ടെത്തിയതിൽ 12,634 എണ്ണം ഇതിനോടകം പരിഹരിച്ചു. ആകെയുള്ള 3,298 ഓവർഹെഡ് ടാങ്കുകളിൽ 3,109 എണ്ണം വൃത്തിയാക്കി.


പരിശോധന നടത്തിയ 80,976 സാമ്പിളുകളിൽ 656 എണ്ണം നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. മലിനീകരണം കണ്ടെത്തിയ 588 സ്ഥലങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിച്ചതായും കേന്ദ്രമന്ത്രി സഭയെ അറിയിച്ചു.


ഭാഗീരഥ്‌പുരയിൽ കുടിവെള്ളത്തിലൂടെ പടർന്ന പനി, ഛർദ്ദി, വയറിളക്കം എന്നിവ മൂലം 16 പേർ മരിച്ചതായാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ കോടതി നേരത്തെ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home