ad
Deshabhimani

print edition ഇൻഡോറിലെ ‘ഗ്രേറ്റ്‌ ഇന്ത്യൻ ട്രാജഡി’

Indore

ഇൻഡോർ മുനിസിപ്പാലിറ്റിയിലെ ഭാഗീരഥ്‌പുരയിലെ സ്ത്രീകൾ ടാങ്കറിൽ എത്തിച്ച വെള്ളം ശേഖരിക്കുന്നതിന്‌ 
പാത്രവുമായി എത്തുന്നു.

avatar
എം അഖിൽ

Published on Apr 06, 2026, 12:15 AM | 2 min read

ഇൻഡോർ (മധ്യപ്രദേശ്‌) : ‘അമ്മ അഞ്ച്‌ ദിവസം ഒന്നെണീക്കാൻ പോലും പറ്റാതെ കിടപ്പിലായിരുന്നു. പ്രാഥമിക കർമങ്ങൾ എല്ലാം കിടക്കപ്പായിൽ. ദിവസം ആറും ഏഴും വട്ടം ഡയപ്പർ മാറ്റും. അവശയായ അമ്മയെ കസേരയിൽ ഇരുത്തിയാണ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയത്‌. പാതിവഴിയിൽ അമ്മ മരിച്ചു’–ഭാഗീരഥ്‌പുരയിലെ ശകുൻ കദമിന്റെ മരുമകൾ സൊണാലിയുടെ വാക്കുകൾ. കഴിഞ്ഞ ഡിസംബർ 24നാണ്‌ 60കാരിയായ ശകുൻഭായ്‌ മരിച്ചത്‌. ജനുവരി ഏഴിന്‌ വൈകിട്ട്‌ ഇതേ ഗലിയിലെ 50കാരി സുനിതാ വർമ രക്തം ഛർദിച്ച്‌ കുഴഞ്ഞുവീണു. ഇ–റിക്ഷാ ഡ്രൈവറായ ഭർത്താവ്‌ സതീഷ്‌ വർമ വീട്ടിലുണ്ടായിരുന്നില്ല. 15കാരനായ മകനും നാട്ടുകാരുംകൂടി ആശുപത്രിയിൽ എത്തിച്ചു. മൂന്നുദിവസത്തിന്‌ ശേഷം സുനിതയും മരിച്ചു. രാജ്യത്തെ ഏറ്റവും ശുചിത്വമേറിയ നഗരമായി മോദിസർക്കാർ തുടർച്ചയായി നെറ്റിപ്പട്ടം കെട്ടിയ ഇൻഡോറിലെ ഭാഗീരഥ്‌പുരയിൽ മലിനജലം കുടിച്ച്‌ മരിച്ചവരുടെ കുടുംബാംഗങ്ങൾ ‘ദേശാഭിമാനി’യോട്‌ ഇടറിയ സ്വരങ്ങളിൽ അവരുടെ ദുരിതങ്ങൾ വിശദീകരിച്ചു.

‘ജലദുരന്തം’ ഉണ്ടായി രണ്ട്‌ മാസം കഴിഞ്ഞിട്ടും ഇരകളുടെ കുടുംബത്തിന്‌ നഷ്‌ടപരിഹാരം നൽകാൻപോലും ബിജെപി സർക്കാർ തയ്യാറായിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ ഇല്ലാത്തതിനാൽ മലിനജലം കുടിച്ചാണ്‌ മരണമെന്ന്‌ അവകാശപ്പെടാൻ കഴിയില്ലെന്നാണ്‌ ശകുൻ കദമിന്റെ കുടുംബത്തോട്‌ അധികൃതരുടെ വിശദീകരണം. സുനിതയുടെ ഭർത്താവും മകനും ഓരോ ദിവസവും രേഖകളുമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നു. സർക്കാർ പ്രഖ്യാപിച്ച അടിയന്തര സഹായമായ രണ്ടുലക്ഷം രൂപ പോലും ഇ‍ൗ കുടുംബങ്ങൾക്ക്‌ ലഭിച്ചിട്ടില്ല. സ്ഥലം എംഎൽഎയും നഗരഭരണമന്ത്രിയുമായ കൈലാഷ്‌ വിജയ്‌വർഗിയ ഉൾപ്പടെയുള്ള നേതാക്കളും കലക്‌ടർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും നിർദയം അവഗണിച്ചതായും കുടുംബങ്ങൾ വെളിപ്പെടുത്തി. കഴിഞ്ഞവർഷം ഡിസംബർ അവസാനവും ജനുവരി ആദ്യവും ഭാഗീരഥ്‌പുരയിൽ മലിനജലം കുടിച്ച്‌ 37 പേരാണ്‌ മരിച്ചത്‌.


‘ട്രിപ്പിൾ എൻജിൻ ദുരന്തം’


ഇൻഡോറിലേത്‌ അപ്രതീക്ഷിത ദുരന്തമായിരുന്നില്ല. കേന്ദ്ര, സംസ്ഥാന, തദ്ദേശ തലങ്ങളിലെ (ട്രിപ്പിൾഎൻജിൻ) ബിജെപി ഭരണത്തിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയുമാണ്‌ ഇത്രയും ജീവനെടുത്തത്‌. ഒരുവർഷമായി ഇൻഡോറിലെ 60ലേറെ വാർഡുകളിൽ മലിനജലമാണ്‌ വിതരണം ചെയ്യുന്നത്‌. ‘‘അസഹ്യമായ ദുർഗന്ധമുള്ള വെള്ളം. ബക്കറ്റിൽ പിടിച്ചുവച്ചാൽ ഒരു മണിക്കൂറിനുള്ളിൽ ചെളിനിറമാകും. അടിത്തട്ടിൽ മലിനവസ്‌തുക്കൾ അടിയും’’– പൈപ്പുകളിലൂടെ വന്നിരുന്ന വെള്ളത്തെക്കുറിച്ച്‌ ഭാഗീരഥ്‌പുരയിലെ നാട്ടുകാർ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. വാർഡ്‌ മെമ്പർ മുതൽ മന്ത്രി വരെ ഉത്തരവാദിത്വപ്പെട്ട എല്ലാവരോടും പരാതികൾ പറഞ്ഞിട്ടും ഫലമുണ്ടായില്ല. ഇതിന്റെ ക്ലൈമാക്‌സായിരുന്നു ഡിസംബറിലും ജനുവരിയിലുമുണ്ടായ കൂട്ടമരണങ്ങൾ. മുഴുവൻ സർക്കാർ സംവിധാനങ്ങൾക്കും പങ്കുള്ള കൂട്ടക്കൊലപാതമാണ്‌ ഇൻഡോറിൽ അരങ്ങേറിയതെന്ന്‌ സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാണിക്കാനുള്ള കാരണവും മറ്റൊന്നല്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home