വിമാനയാത്ര വീണ്ടും ചെലവേറും; ഇൻഡിഗോ ഇന്ധന സർചാർജ് പരിഷ്കരിച്ചു

ന്യൂഡൽഹി: ഇന്ധനവില വർദ്ധനയെത്തുടർന്ന് ഇൻഡിഗോ വിമാനക്കമ്പനി ഇന്ധന സർചാർജ പരിഷ്കരിച്ചു. ഏപ്രിൽ 2 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകൾ പ്രകാരം ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രകൾക്ക് അധിക തുക നൽകേണ്ടി വരും. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് വിമാന ഇന്ധനത്തിന്റെ അന്താരാഷ്ട്ര വിലയിൽ വൻ വർദ്ധനവുണ്ടായ സാഹചര്യത്തിലാണ് ഈ നീക്കം.
ദൂരത്തിനനുസരിച്ച് സ്ലാബ് അടിസ്ഥാനത്തിലാണ് വർദ്ധന. 500 കിലോമീറ്ററിൽ താഴെയുള്ള യാത്രകൾക്ക് 275 രൂപയും, 2,000 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് പരമാവധി 950 രൂപയുമാണ് സർചാർജ്. അന്താരാഷ്ട്ര റൂട്ടുകളിൽ സർചാർജ് 900 രൂപ മുതൽ 10,000 രൂപ വരെയാക്കി ഉയർത്തി. യൂറോപ്പ് ഉൾപ്പെടെയുള്ള ദീർഘദൂര യാത്രകൾക്കായിരിക്കും ഏറ്റവും കൂടുതൽ തുക നൽകേണ്ടി വരിക.
അന്താരാഷ്ട്ര വിപണിയിൽ വിമാന ഇന്ധന വില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 130 ശതമാനത്തോളം വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ആഭ്യന്തര യാത്രക്കാരെ സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ ഇന്ധനവില വർദ്ധനവ് 25 ശതമാനമായി പരിമിതപ്പെടുത്തിയിരുന്നു. ഈ ഇളവ് പരിഗണിച്ച്, യാത്രക്കാർക്ക് മേലുള്ള ഭാരം കുറയ്ക്കുന്നതിനായി താരതമ്യേന കുറഞ്ഞ നിരക്കാണ് ആഭ്യന്തര റൂട്ടുകളിൽ ഈടാക്കുന്നതെന്ന് ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു.
ഏപ്രിൽ 2 പുലർച്ചെ 12:01 മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് പുതിയ നിരക്ക് ബാധകമാകുക. മിക്ക വിമാനക്കമ്പനികളുടെയും പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായി ചെലവാകുന്നതിനാൽ, മറ്റ് കമ്പനികളും വരും ദിവസങ്ങളിൽ സമാനമായ വർദ്ധനവ് പ്രഖ്യാപിച്ചേക്കും.










0 comments