പറന്നുയരാൻ ശ്രമിക്കുന്നതിനിടെ സാങ്കേതിക തകരാർ; ലഖ്നൗവിൽ ഇൻഡിഗോ വിമാനത്തിന്റെ ടേക്ക് ഓഫ് നിർത്തിവച്ചു

പ്രതീകാത്മക ചിത്രം
ലഖ്നൗ: ടേക്ക് ഓഫിന് ശ്രമിക്കുന്നതിനിടെ ഇൻഡിഗോ വിമാനം വലിയ അപകടത്തിൽ നിന്നും ഒഴിവായി. ലഖ്‌നൗ വിമാനത്താവളത്തിലാണ് വിമാനം ശരിയായി പറന്നുയരാത്തതിനെ തുടർന്ന് ടേക്ക് ഓഫ് നിർത്തേണ്ടിവന്നത്. 151 യാത്രക്കാരുമായി പോയ വിമാനം യാത്ര തുടങ്ങിയപ്പോൾ തന്നെ എമർജെൻസി ബ്രേക്ക് നൽകി ടേക്ക് ഓഫ് നിർത്തി വയ്ക്കുകയായിരുന്നു. സമാജ്‌വാദി പാർട്ടി എംപി ഡിംപിൾ യാദവും വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം.
ലഖ്നൗ വിമാനത്താവളത്തിൽ രാവിലെ 11ഓടെയാണ് സംഭവം. ഡൽഹിയിലേക്ക് പോകുകയായിരുന്ന വിമാനം റൺവേയിലെ അവസാന ഭാഗത്തെത്തി പറന്നുയരുന്നത് പരാജയപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഇതോടെ പൈലറ്റ് പെട്ടന്ന് എമർജൻസി ബ്രേക്കിടുകയായിരുന്നു. മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തിറക്കിയിട്ടുണ്ട്. പിന്നീട് യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഡൽഹിയിലെത്തിച്ചു.
ഈ മാസം ആദ്യം കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പറന്ന ഒരു ഇൻഡിഗോ വിമാനത്തിനും സമാന തകരാർ നേരിട്ടിരുന്നു. ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം കൊച്ചിയിൽ തിരിച്ചിറക്ക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
സെപ്തംബർ 6 ന് കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് സർവീസ് നടത്തിയ 6E 1403 നമ്പർ ഇൻഡിഗോ വിമാനത്തിലാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. മുൻകരുതൽ നടപടിയായി പൈലറ്റുമാർ തിരിച്ചുപോകാൻ തീരുമാനിക്കുകയായിരുന്നു. വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു.
ആഗസ്തിലുണ്ടായ മറ്റൊരു സംഭവത്തിൽ കനത്ത മഴയ്ക്കിടയിൽ മുംബൈ വിമാനത്താവളത്തിൽ ഇൻഡിഗോ എയർബസ് എ321 വിമാനത്തിന്റെ വാൽ റൺവേയിൽ മുട്ടി അപകടമുണ്ടായിരുന്നു. പിന്നീട് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. പ്രതികൂല കാലാവസ്ഥ കാരണം താഴ്ന്ന ഉയരത്തിൽ പറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.










0 comments