ഇൻഡിഗോയ്ക്ക് പുതിയ സിഇഒ; മുൻ ബ്രിട്ടിഷ് എയർവേയ്സ് തലവൻ വില്യം വാൽഷിന് ചുമതല

ന്യൂഡൽഹി : രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ സിഇഒ ആയി വില്യം വാൽഷിനെ നിയമിച്ചു.യ മുൻ സിഇഒ ആയ പീറ്റർ എൽബേഴ്‌സ് രാജ്യവ്യാപകമായി വിമാനസർവീസുകൾ മുടങ്ങി ഇൻഡിഗോ പ്രതിസന്ധിയിലായതിനു പിന്നാലെ മാർച്ച് ആദ്യം രാജി വച്ചിരുന്നു. ബ്രിട്ടിഷ് എയർവേയ്സിന്റെ മുൻ തലവനായിരുന്ന വില്യം വാൽഷ് നിലവിൽ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ ( IATA) ഡയറക്ടർ ജനറലാണ്. എയർലൈനുകളുടെ വ്യാപാര സംഘടനയാണ് ഐഎടിഎ. ഐഎടിഎയിലെ കാലാവധി ജൂലൈ 31 ന് അവസാനിക്കുമെന്നും ആഗസ്ത് 3 ന് വില്യം വാൽഷ് ഇൻഡിഗോയ്ക്കൊപ്പം ചേരുമെന്നും എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. 1979 ൽ എയർ ലിംഗസിൽ കേഡറ്റ് പൈലറ്റായി ജോലി ആരംഭിച്ച വാൽഷ് 2001ൽ അതിന്റെ സിഇഒ ആയി. 2005ൽ ബ്രിട്ടീഷ് എയർവേയ്‌സിന്റെ സിഇഒ ആയി.
64 ശതമാനം വിപണി വിഹിതവും 440 വിമാനങ്ങളുടെ ഫ്ലീറ്റുമുള്ള ഇൻഡിഗോ ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനാണ്. 95 ആഭ്യന്തരവും 40-ലധികം അന്താരാഷ്ട്ര സർവീസുകളുമടക്കം 2,200ലധികം പ്രതിദിന വിമാന സർവീസുകൾ ഇൻഡിഗോ നടത്തുന്നുണ്ട്. എയർലൈൻ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള വാൽഷിന്റെ പരിചയം ഇൻഡിഗോയെ ശക്തിപ്പെടുത്തുമെന്ന് കരുതുന്നതായി ഇൻഡിഗോ ചെയർമാൻ വിക്രം സിംഗ് മേത്ത പറഞ്ഞു.
പൈലറ്റുമാരുടെ വിശ്രമ, ഡ്യൂട്ടി നിയമങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഡിസംബറിൽ രാജ്യവ്യാപകമായി ഇൻഡിഗോ സർവീസുകൾ കൂട്ടത്തോടെ മുടങ്ങിയിരുന്നു. ദിവസങ്ങളോളം നീണ്ടു നിന്ന പ്രതിസന്ധിയിൽ ലക്ഷക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. നിയമങ്ങൾ നടപ്പാക്കുന്നതിൽ എയർലൈനിനുണ്ടായ പിഴവാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഡിജിസിഎ കണ്ടെത്തിയിരുന്നു. 4,500-ലധികം വിമാനങ്ങളാണ് ഡിസംബറിൽ റദ്ദാക്കേണ്ടിവന്നത്. കമ്പനിയുടെ 20 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിക്കു പിന്നാലെയാണ് മുൻ സിഇഒ രാജിവച്ചത്. ഈ വർഷം ഇതുവരെ ഇൻഡിഗോയുടെ ഓഹരികൾ 22 ശതമാനം ഇടിഞ്ഞതായാണ് കണക്കുകൾ.










0 comments