യാത്രാനിരക്ക് കുതിക്കുന്നു; ഇൻഡിഗോയും ഇന്ധന സർചാർജ് ഏർപ്പെടുത്തി; വിമാന ടിക്കറ്റ് വില ഉയരും

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വിമാന ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയും ഇന്ധന സർചാർജ് ഏർപ്പെടുത്തി. മാർച്ച് 14 അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതോടെ ഇൻഡിഗോയുടെ ആഭ്യന്തര, അന്തർദേശീയ വിമാന ടിക്കറ്റുകൾക്ക് വില വർദ്ധിക്കും. ദൂരത്തിനനുസരിച്ച് 425 രൂപ മുതൽ 2,300 രൂപ വരെയാണ് ടിക്കറ്റ് നിരക്കിൽ അധികമായി നൽകേണ്ടി വരിക.
ഇറാന്റെ പശ്ചിമേഷ്യൻ മേഖലയിലെ സൈനിക നീക്കങ്ങളും യുദ്ധം മൂലം വിമാനങ്ങൾ ആകാശപാത മാറ്റുന്നതും പ്രവർത്തനച്ചെലവ് കുത്തനെ കൂട്ടിയതായി കമ്പനി അറിയിച്ചു. വിമാനക്കമ്പനികളുടെ ആകെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളവും ഇന്ധനത്തിനായാണ് ചെലവാകുന്നത്.
എയർ ഇന്ത്യ നേരത്തെ തന്നെ 399 രൂപ മുതൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിരുന്നു. സ്പൈസ് ജെറ്റ്, അകാസ എയർ തുടങ്ങിയ കമ്പനികളും വരും ദിവസങ്ങളിൽ സമാനമായ വർദ്ധനവ് വരുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ അസ്ഥിരതയും ഗൾഫ് മേഖലയിലെ വിതരണ തടസ്സവുമാണ് വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇതോടെ അവധിക്കാലത്ത് നാട്ടിലേക്ക് വരാനിരിക്കുന്ന പ്രവാസികൾക്കും ആഭ്യന്തര യാത്രക്കാർക്കും വലിയ സാമ്പത്തിക ബാധ്യതയുണ്ടാകും.










0 comments