Deshabhimani

വിമാനത്തിൽ ഹൈജാക്ക് ഭീഷണിക്കുറിപ്പ്; ബെംഗളൂരുവിൽ അടിയന്തരമായി തിരിച്ചിറക്കി ഇൻഡിഗോ വിമാനം

flight
വെബ് ഡെസ്ക്

Published on Nov 08, 2026, 06:25 AM | 1 min read

ബംഗളൂരു: വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയുള്ള കുറിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ബംഗളൂരുവിൽ നിന്ന് ലഖ്‌നൗവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. 178 യാത്രക്കാരുമായി പറന്നുയർന്ന 6E451 നമ്പർ വിമാനത്തിന്റെ ശുചിമുറിയിലാണ് ഹൈജാക്ക് ഭീഷണിക്കുറിപ്പ് കണ്ടെത്തിയത്.


വൈകിട്ട് 5.50ന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ യാത്രക്കാരിലൊരാളാണ് കുറിപ്പ് കണ്ടത്. 'കൃത്യം 6.30ന് വിമാനം തട്ടിക്കൊണ്ടുപോകും. മുന്നറിയിപ്പ് അവഗണിച്ചാൽ പ്രത്യാഘാതം നേരിടേണ്ടിവരും' എന്നായിരുന്നു കുറിപ്പിലെ ഉള്ളടക്കം.


യാത്രക്കാരൻ വിവരം അറിയിച്ചതോടെ ക്യാബിൻ ക്രൂ പൈലറ്റിനെ വിവരം അറിയിച്ചു. തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും മുൻകരുതൽ നടപടിയുടെ ഭാഗമായി വിമാനം പുറപ്പെട്ട വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചുവിടുകയുമായിരുന്നു. വിമാനം സുരക്ഷിതമായി നിലത്തിറക്കിയ ശേഷം യാത്രക്കാരെ മുഴുവൻ പുറത്തിറക്കി. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിനുള്ളിൽ വിശദമായ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താനായില്ല.


വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന ആരോ തന്നെയാകാം ഭീഷണിക്കുറിപ്പ് എഴുതിവെച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക സംശയം. സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരെ ചോദ്യം ചെയ്തെങ്കിലും കുറിപ്പ് എഴുതിവെച്ച വ്യക്തിയെ കണ്ടെത്താനായിട്ടില്ല. സുരക്ഷാ ഏജൻസികളുടെ വിശദമായ പരിശോധനയും അനുമതിയും ലഭിച്ച ശേഷമേ വിമാനം വീണ്ടും സർവീസ് നടത്തുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.


അതേസമയം, സംഭവത്തിൽ ഇൻഡിഗോ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. നിശ്ചിത സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ച് ബന്ധപ്പെട്ട അധികാരികളെ ഉടൻ വിവരമറിയിച്ചെന്നും സുരക്ഷാ പരിശോധനകൾക്കായി വിമാനം പുറപ്പെട്ട വിമാനത്താവളത്തിലേക്ക് തിരിച്ചെത്തിക്കാൻ പൈലറ്റുമാർ തീരുമാനിച്ചെന്നും കമ്പനി വ്യക്തമാക്കി.


യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച ഇൻഡിഗോ, ഭക്ഷണം ഉൾപ്പെടെയുള്ള ആവശ്യമായ സഹായങ്ങൾ എല്ലാവർക്കും നൽകുന്നുണ്ടെന്നും അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home