ad
Deshabhimani

സർവീസ് റദ്ദാക്കൽ: ഇൻഡി​ഗോയ്ക്ക് 22 കോടി രൂപ പിഴയിട്ട് ഡിജിസിഎ

indigo
വെബ് ഡെസ്ക്

Published on Jan 17, 2026, 09:53 PM | 1 min read

ന്യൂഡൽഹി: വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിന് വിമാനക്കമ്പനിയായ ഇൻഡി​ഗോയ്ക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 22.2 കോടി രൂപ പിഴയിട്ടു. കഴിഞ്ഞ വർഷം ഡിസംബർ 3 നും 5 നും ഇടയിലാണ് സർവീസുകൾ റദ്ദാക്കിയത്. മൂന്ന് ദിവസങ്ങൾക്കുള്ളിൽ 2,507 വിമാന സർവീസുകൾ റദ്ദാക്കുകയും 1,852 സർവീസുകൾ വൈകുകയും ചെയ്തിരുന്നു. ഇതിനുപുറമെ, 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും ഇൻഡിഗോ ഹാജരാക്കേണ്ടതുണ്ട്.


പുതുക്കിയ ഫ്ലൈറ്റ്‌ ഡ്യൂട്ടി സമയപരിധി നടപ്പാക്കുന്നതിലുണ്ടായ അപാകതകളെത്തുടർന്നാണ് സർവീസുകൾ കൂട്ടത്തോടെ മുടങ്ങിയത്. സാങ്കേതിക തകരാറുകൾ, ശൈത്യകാല സമയക്രമത്തിലെ മാറ്റങ്ങൾ, വിമാനത്താവളങ്ങളിലെ തിരക്ക്, കാലാവസ്ഥ എന്നിങ്ങനെയുള്ള "പ്രതീക്ഷിക്കാത്ത വെല്ലുവിളികൾ" കാരണമാണ് ഈ പ്രതിസന്ധി ഉണ്ടായതെന്നാണ് ഇൻഡിഗോ നൽകിയ വിശദീകരണം. വിവിധ വിമാനത്താവളങ്ങളിലായി മൂന്ന് ലക്ഷത്തിലധികം യാത്രക്കാരാണ് സർവീസ് റദ്ദാക്കൽ മൂലം ദുരിതത്തിലായത്.


യാത്രികർക്ക് വ്യാപകമായ ബുദ്ധിമുട്ടുകൾക്ക് കാരണമായ ഇൻഡി​ഗോയുടെ പ്രവർത്തനത്തിലെ വീഴ്ചകൾ വിലയിരുത്തിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ഡിജിസിഎ പ്രസ്താവനയിൽ അറിയിച്ചു.


പ്രതിസന്ധിക്കിടയായ സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അവലോകനവും വിലയിരുത്തലും നടത്തുന്നതിന് ഡിജിസിഎ ജോയിന്റ് ഡയറക്ടർ ജനറൽ സഞ്ജയ് കെ ബ്രഹ്മണെയുടെ നേതൃത്വത്തിൽ നാലംഗ സമിതി രൂപീകരിച്ചിരുന്നു. വിമാനക്കമ്പനി അമിതമായ ലാഭലക്ഷ്യം മുൻനിർത്തി നടത്തിയ നീക്കങ്ങൾ, മുന്നൊരുക്കങ്ങളുടെ അഭാവം, സിസ്റ്റം സോഫ്റ്റ്‌വെയറിലെ പോരായ്മകൾ, മാനേജ്‌മെന്റ് ഘടനയിലെയും പ്രവർത്തന നിയന്ത്രണത്തിലെയും പിഴവുകൾ എന്നിവയാണ് വിമാന സർവീസുകൾ തടസ്സപ്പെടാൻ കാരണമെന്ന് കമ്മിറ്റി കണ്ടെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home