ad
Deshabhimani

ഇൻഡിഗോ പ്രതിസന്ധി റെയിൽവേ സുരക്ഷയ്ക്ക് കൂടിയുള്ള മുന്നറിയിപ്പ്

ailrsa statement
വെബ് ഡെസ്ക്

Published on Dec 08, 2025, 07:12 PM | 2 min read

ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധി ഇന്ത്യൻ റെയിൽവേ നേരിടുന്ന സുരക്ഷാ ഭീഷണിയെ കൂടി തുറന്നുകാട്ടുന്നതായി ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ. ഇന്ത്യൻ റെയിൽവേയും സമാന സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് ഗുരുതരമായ അപകടസാധ്യത നേരിടുന്നു എന്ന മുന്നറിയിപ്പാണ്, സംഘടന അഭിപ്രായപ്പെട്ടു.


2023-ൽ സർക്കാർ സുരക്ഷാ അപകടസാധ്യത മാനേജ്മെന്റ് സിസ്റ്റം സ്വീകരിക്കുകയും 2025 നവംബർ മുതൽ നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു. പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധികൾ പ്രഖ്യാപിച്ചെങ്കിലും ക്രൂ പുനഃസംഘടിപ്പിക്കുകയോ ജീവനക്കാരുടെ എണ്ണം ക്രമാതീതമായി വർധിപ്പിക്കുകയോ ചെയ്തില്ല. ഇത്തരത്തിൽ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുന്നതിൽ ഇൻഡിഗോ പരാജയപ്പെട്ടുവെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി. എയർലൈനിൽ നിന്നുള്ള സമ്മർദ്ദം മൂലം സുരക്ഷാ നിയമങ്ങൾ മാറ്റിവയ്ക്കുന്ന നടപടിയിലേയ്ക്ക് പോയെങ്കിലും വിമാനത്താവളങ്ങളിൽ ഇത് വ്യാപകമായ ആശങ്ക സൃഷ്ടിക്കാൻ കാരണമായി. നിരവധി യാത്രക്കാരാണ് ഇതോടെ ദുരിതത്തിലായത്. കുത്തനെ വർദ്ധിച്ച ടിക്കറ്റ് നിരക്കുകൾ നൽകാൻ യാത്രക്കാർ നിർബന്ധിതരാകേണ്ടി വന്നു.


ഇന്ത്യൻ റെയിൽവേയിലും പതിറ്റാണ്ടുകളായി ലോക്കോ പൈലറ്റുമാർ അശാസ്ത്രീയമായ ഡ്യൂട്ടി ഷെഡ്യൂളുകൾക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. കൃത്യമായ ഡ്യൂട്ടി പരിധി നിശ്ചയിക്കുകയും ശരിയായ വിശ്രമത്തിന് വേണ്ട സാഹചര്യം ഒരുക്കുകയും വേണം. ഇതു സംബന്ധിച്ച് വിദഗ്ധ സമിതികളിൽ നിന്നും കോടതികളിൽ നിന്നും ആവർത്തിച്ചുള്ള ശുപാർശകൾ ഉണ്ടായിരുന്നിട്ടും, റെയിൽവേ ബോർഡ് മതിയായ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടില്ല. വ്യോമയാന ​ഗതാ​ഗതത്തെക്കാൾ റെയിൽവേയെയാണ് കൂടുതൽ ആളുകളും ആശ്രയിച്ചിരിക്കുന്നതെന്ന് അസോസിയേഷൻ പറഞ്ഞു.


2023-ൽ ബിലാസ്പൂരിനടുത്തുള്ള സിംഗപ്പൂർ ട്രെയിൻ കൂട്ടിയിടിയിൽ സംഭവിച്ചത് ​ഗൗരവതരമാണ്. 12 മണിക്കൂർ ജോലി പരിധി രേഖകളിൽ മാത്രമാണ് നിലവിലുള്ളത്. അപകടം നടന്ന സമയത്ത് ചില ലോക്കോ പൈലറ്റുമാർ 20 മണിക്കൂറിലധികം ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്ന് ഔദ്യോഗിക അന്വേഷണത്തിൽ പിന്നീട് കണ്ടെത്തിയതായി അസോസിയേഷൻ പറഞ്ഞു. കോടതി നിർദ്ദേശമുണ്ടായിട്ടും ഇന്ത്യയിൽ ലോക്കോ പൈലറ്റുമാരുടെ ജോലി സമയം കൃത്യമായി ക്രമീകരിക്കാനായില്ലെന്ന് റെയിൽവേ അധികൃതർ മദ്രാസ് ഹൈക്കോടതിയിൽ സമ്മതിച്ചതായും സംഘടന പറയുന്നു.


12 മണിക്കൂർ ഡ്യൂട്ടി സമയമെന്ന പുതിയ ലേബർ കോഡുകൾ ഗതാഗത തൊഴിലാളികളെയും ഒപ്പം യാത്രക്കാരുടെ സുരക്ഷയെ കൂടി ബാധിക്കും. റെയിൽവേ ജോലി സമയം ശാസ്ത്രീയമായി ക്രമീകരിക്കുന്നത് ട്രെയിൻ യാത്രക്കാരുടെ സുരക്ഷയെ കൂടി പരി​ഗണിച്ചാവണമെന്ന് അസോസിയേഷൻ അഭിപ്രായപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home