print edition സാമ്പത്തികവളർച്ച ; ജിഡിപിയിൽനിന്ന് എൻഡിപിയിലേക്ക് മാറാൻ നീക്കം

ന്യൂഡൽഹി
സാമ്പത്തികപുരോഗതി നിശ്‌ചയിക്കുന്ന മാനദണ്ഡങ്ങളിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ മോദിസർക്കാരിന്റെ നീക്കം. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന് (ജിഡിപി) പകരം നെറ്റ് ഡൊമെസ്‌റ്റിക്ക് പ്രോഡക്‌റ്റിനെ (എൻഡിപി) മുഖ്യ വളർച്ചാസൂചകമായി അവലംബിക്കാനാണ് ആലോചന. നിശ്‌ചിത കാലയളവിൽ രാജ്യത്ത് ഉൽപ്പാദിപ്പിക്കപ്പെട്ട വസ്‌തുക്കളുടെയും സേവനങ്ങളുടെയും മൊത്ത വിപണിമൂല്യമാണ് ജിഡിപി. ഒരു രാജ്യത്തിന്റെ സാമ്പത്തികശേഷി അളക്കുന്നതിനുള്ള പ്രധാന സൂചികയാണ് ജിഡിപി. ജിഡിപിയിൽനിന്നും മൊത്തം മൂലധനആസ്‌തികളുടെ മൂല്യശോഷണം കിഴിച്ചാൽ ലഭിക്കുന്നതാണ് എൻഡിപി.
എൻഡിപിയെ ആശ്രയിച്ച് വളർച്ച കണക്കാക്കാൻ പ്രത്യേക ഉപസമിതിയെ ചുമതലപ്പെടുത്തി. 2029–2030ഓടെ ജിഡിപിയിൽനിന്നും എൻഡിപിയിലേക്കുള്ള മാറ്റം പൂർണമായും നടപ്പാക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തികവളർച്ച തിട്ടപ്പെടുത്താൻ വർഷങ്ങളായി പിന്തുടരുന്ന സന്പ്രദായത്തിന് പകരം പുതിയ രീതികൾ അവലംബിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിൽ ചില സാന്പത്തിവിദഗ്‌ധർക്ക് വിയോജിപ്പുണ്ട്. ജിഡിപി കണക്കാക്കുന്നതിൽതന്നെ കൃത്രിമങ്ങൾ നടക്കുന്നുണ്ടോയെന്ന ആശങ്കകൾ നിലവിലുണ്ട്. അന്താരാഷ്ട്ര നാണയനിധിക്ക്(ഐഎംഎ-ഫ്) ഉൾപ്പടെ കേന്ദ്രസർക്കാർ കൈമാറുന്ന കണക്കുകളും വിശദാംശങ്ങളും വിശ്വസനീയമല്ലെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.
ജിഡിപി 7.4 ശതമാനം വളരുമെന്ന്
പ്രതീക്ഷിത കണക്കുകൾ പ്രകാരം നടപ്പുസാമ്പത്തികവർഷം രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 7.4 ശതമാനം വളർച്ച കൈവരിക്കുമെന്ന് കേന്ദ്ര സ്ഥിതിവിവര മന്ത്രാലയം. കഴിഞ്ഞ വർഷം 6.4 ശതമാനമായിരുന്നു ജിഡിപി വളർച്ച. പണപ്പെരുപ്പവും പണച്ചുരുക്കവും കണക്കാക്കാതെയുള്ള നോമിനൽ ജിഡിപി വളർച്ച എട്ട് ശതമാനമായിരിക്കുമെന്നും കേന്ദ്ര സ്ഥിതിവിവര മന്ത്രാലയം അവകാശപ്പെട്ടു.











0 comments