വളർച്ച 6.5 ശതമാനം മാത്രം , കോവിഡിന് ശേഷമുള്ള നാലുവർഷത്തെ ഏറ്റവും കുറഞ്ഞ ജിഡിപി വളർച്ച
ജിഡിപി വളർച്ചയിൽ 2.7 ശതമാനം ഇടിവ്

ന്യൂഡൽഹി
രാജ്യത്തിന്റെ ജിഡിപി വളർച്ചയിൽ 2024–-25 വർഷത്തിൽ വൻ ഇടിവ്. 6.5 ശതമാനമാണ് ജിഡിപി വളർച്ചയെന്ന് കേന്ദ്ര സ്ഥിതിവിവര മന്ത്രാലം അറിയിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 2.7 ശതമാനത്തിന്റെ ഇടിവ്. കോവിഡിന് ശേഷമുള്ള നാലുവർഷത്തെ ഏറ്റവും കുറഞ്ഞ ജിഡിപി വളർച്ചയാണിത്. 2021–-22ൽ 9.7ഉം 2023–-24ൽ 9.2ഉം ശതമാനമായിരുന്നു സമ്പദ്‌വ്യവസ്ഥയുടെ വളർച്ച.
2024–-25 വർഷത്തിന്റെ നാലാം പാദത്തിൽ കൈവരിച്ച 7.4 ശതമാനം വളർച്ചയാണ് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ ആറുശതമാനത്തിന് മുകളിലായി പിടിച്ചുനിർത്തിയത്. അതല്ലെങ്കിൽ സ്ഥിതി കൂടുതൽ ദയനീയമാകുമായിരുന്നു.

കൃഷിയും ഖനനവുമടക്കം പ്രാഥമിക മേഖലയുടെ വളർച്ച 4.4 ശതമാനമാണ്. കൃഷി–- കന്നുകാലി–-മത്സ്യ മേഖലയുടെ വളർച്ച 2.7 ശതമാനത്തിൽനിന്ന് 4.4 ശതമാനത്തിലെത്തി. ഖനി–- ക്വാറി മേഖല 2.7ൽനിന്ന് 4.6 ശതമാനമായി. ഉൽപ്പന്നനിർമാണ മേഖലയുടെ വളർച്ച പാതിയായി. 12.3 ശതമാനമായിരുന്നത് 6.1 ശതമാനത്തിലേക്കാണ് കൂപ്പുകുത്തിയത്. വൈദ്യുതി–- വാതക–- ജലവിതരണ മേഖല 8.6 ശതമാനത്തിൽനിന്ന് 5.9 ശതമാനമായി ഇടിഞ്ഞു.
കെട്ടിടനിർമാണ മേഖല 10.4ൽനിന്ന് 9.4 ശതമാനമായി കുറഞ്ഞു. വ്യാപാര–- ഹോട്ടൽ–- ഗതാഗത–- വാർത്താവിനിമയ മേഖലയുടെ വളർച്ച 7.5 ശതമാനത്തിൽനിന്ന് 6.1 ശതമാനമായി. ധനകാര്യ–- റിയൽ എസ്‌റ്റേറ്റ്–- പ്രൊഫഷണൽ സർവീസസ് മേഖലയുടെ വളർച്ചയും 10.3 ശതമാനത്തിൽനിന്ന് 7.2 ശതമാനമായി. പൊതുഭരണം–- പ്രതിരോധം–- മറ്റ് സേവനങ്ങൾ എന്നിവയുടെ വളർച്ച 8.8 ശതമാനത്തിൽനിന്ന് 8.9 ശതമാനത്തിലെത്തി.









0 comments