ad
Deshabhimani

രൂപയെ പിടിച്ചു നിര്‍ത്താൻ റിസര്‍വ് ബാങ്ക്, വേരറുത്ത് കേന്ദ്ര നയങ്ങൾ

Rupee
വെബ് ഡെസ്ക്

Published on Mar 31, 2026, 11:06 AM | 2 min read

മുംബൈ: രൂപയുടെ തകർച്ച തടയാൻ 'സർജിക്കൽ സ്ട്രൈക്കു' മായി റിസര്‍വ്വ് ബാങ്ക് നേരിട്ട് രംഗത്ത് ഇറങ്ങി. ബാങ്കുകൾക്ക് കർശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും നിയന്ത്രണം നേരിയ വ്യത്യാസത്തിൽ ഒതുങ്ങി.


അതീവ ഗൗരവകരമായതും അസാധാരണവുമായ നടപടികൾ പ്രഖ്യാപിച്ചാണ് ആര്‍ബിഐ രംഗത്ത് എത്തിയത്. എങ്കിലും ആഗോള വിപണിയിലെ സമ്മർദ്ദം പൂർണ്ണമായും ഒഴിവായിട്ടില്ല എന്നാണ് ഇന്നത്തെ നില കാണിക്കുന്നത്. ഡോളറിനെതിരെ രൂപ ഇന്ന് 94.00 - 94.30 എന്ന പരിധിയിലാണ് വ്യാപാരം നടത്തുന്നത്.


ഇന്നലെ (മാർച്ച് 30) രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 95.22-ലേക്ക് എത്തിയിരുന്നു. എന്നാൽ ആർ ബി ഐയുടെ കർശന ഇടപെടലുകളെത്തുടർന്ന് ഇന്ന് മൂല്യം 100 പൈസയോളം തിരിച്ചുപിടിക്കാൻ കഴിഞ്ഞു എന്ന ആശ്വാസം മാത്രമാണ്.


ബാങ്കുകൾ ഡോളർ വാങ്ങി സൂക്ഷിക്കുന്നതിനും വിദേശ വിപണികളിൽ ലാഭമെടുക്കുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയാണ് ആർ ബി ഐ ഇടപെട്ടത്. ബാങ്കുകൾക്ക് ഒരു ദിവസം കൈവശം വെക്കാവുന്ന വിദേശനാണ്യ പരിധി (Net Open Position) 100 ദശലക്ഷം ഡോളറായി നിശ്ചയിച്ചു. ഇത് പാലിക്കാൻ ഏപ്രിൽ 10 വരെയാണ് സമയം.


ഈ ഉത്തരവിനെത്തുടർന്ന് ബാങ്കുകൾ ഡോളർ വിൽക്കാൻ നിർബന്ധിതരായതോടെയാണ് രൂപയുടെ മൂല്യം ഇന്ന് 94.00 - 94.30 നിലവാരത്തിലേക്ക് നേരിയ തോതിൽ തിരിച്ചുകയറിയത്. ബാങ്കുകൾ ഡോളര്‍ പുറത്ത് വിട്ടതോടെ വിപണിയിൽ ഡോളറിന്റെ ലഭ്യത വർധിപ്പിക്കുകയും രൂപയ്ക്ക് കരുത്തേകുകയും ചെയ്തു. ഏകദേശം 11 ബില്യൺ മുതൽ 15 ബില്യൺ ഡോളർ വരെ ഇത്തരത്തിൽ വിപണിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഇത് രൂപയുടെ യഥാര്‍ത്ഥ മൂല്യം സംരക്ഷിക്കാൻ ഉതകുന്ന നടപടിയാണോ എന്ന ആശങ്ക നിലനിൽക്കുന്നു. പശ്ചിമേഷ്യൻ സംഘർഷം കാരണം ക്രൂഡ് ഓയിൽ വില 110 ഡോളര്‍ കടന്നിരിക്കയാണ്.


മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ മുതൽ താഴോട്ട്


രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ രൂപ ഇത്രയും ശോഷിച്ച ഘട്ടം ഉണ്ടായിട്ടില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിൽ എത്തിയതോടെ ക്രമികമായ തകര്‍ച്ചായയിരുന്നു. യു പി എ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ തുടര്‍ന്ന വീഴ്ച ക്രമികമായി വര്‍ധിച്ചു വന്നു.


കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണ നപടപടികൾ ഒന്നും ഫലവത്തായില്ല. കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടായുമില്ല. അതിന് പകരം നോട്ട് നിരോധനം പോലുള്ള വിചിത്ര നടപടി വഴി രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ പരിക്കുകൾ സൃഷ്ടിക്കയും ചെയ്തു.


ഇതിന് മുൻപ് 2011 ലാണ് ഇന്ത്യൻ രൂപ സമാനമായ ഒരു തകര്‍ച്ച നേരിട്ടത്. എന്നാൽ ഇത്രയും രൂക്ഷമായ സാഹചര്യം ആല്ലായിരുന്നു. 11.4 ശതമാനത്തിന്റെ നഷ്ടമാണ് ഈ വര്‍ഷം രൂപ കാഴ്ച വെച്ചത്. അസാധാരണമാണ് ഇത്. ‍ഡ‍ോളറിനെതിരെ 90 കടക്കുമോ എന്ന ആശങ്ക ഉയര്‍ത്തിയിരുന്നത് 95 എന്ന ഗുരുതരാവസ്ഥയിൽ എത്തി. 2011 - 2012 വര്‍ഷത്തിൽ നേരിട്ട 13.9 ശതമാനത്തിന്റെ നഷ്ടം മാത്രമാണ് ഇതിന് മുൻപ് രൂപ നേരിട്ട ഏറ്റവും വലിയ തിരിച്ചടി. ആഗോള രംഗത്തെ തകര്‍ച്ചയ്ക്ക് തുടര്‍ച്ചയായിരുന്നു അത്.


വിദേശ നിക്ഷേപകർ (FPI) ഇന്ത്യയിൽ നിന്ന് പണം പിൻവലിക്കുന്നത് തുടരുകയാണ്. ഇത് രൂപയെ കൂടുതൽ പരുങ്ങലിലാക്കുന്നു. നിക്ഷേപകരുടെ ആത്മവിശ്വാസം വളര്‍ത്താൻ കേന്ദ്ര സര്‍ക്കാരിന് കഴിയാത്തത് ഇതിന്റെ രൂക്ഷത വര്‍ധിപ്പിക്കയും ചെയ്യുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home