print edition റെയിൽവേയിലെ ഒഴിവ്: കണക്ക് പൂഴ്‌ത്തി കേന്ദ്രം

കെ രാധാകൃഷ്‌ണൻ എം പി
ന്യൂഡൽഹി : റെയിൽവേയിൽ ഒഴിവുകളുടെ കൃത്യമായ കണക്ക് പുറത്തുവിതെ കേന്ദ്ര സർക്കാർ. ലോക്‌സഭയിൽ കെ രാധാകൃഷ്‌ണൻ എം പി ഉന്നയിച്ച ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ വിഷയം തിരിച്ചുവിടാനാണ് റെയിൽവേ മന്ത്രാലയം ശ്രമിച്ചത്. റെയിൽവേയിലെ വിഭാഗം തിരിച്ചും സോൺ തിരിച്ചുമുള്ള ഒഴിവിന്റെ കണക്ക്, രണ്ട് വർഷത്തിലധികമായി നികത്തപ്പെടാത്ത തസ്‌തികകളുടെ വിവരം, നിയമനം വൈകുന്നതിനുള്ള കാരണം എന്നിവയാണ് ആവശ്യപ്പെട്ടത്.
എന്നാൽ, ഈ ചോദ്യങ്ങൾക്കൊന്നും കൃത്യമായ മറുപടി നൽകാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് തയ്യാറായില്ല. ഒഴിവുകളുടെ യഥാർഥ വിവരം നൽകുന്നതിന് പകരം 10 വർഷത്തെ നിയമനങ്ങളുടെ കണക്കാണ് മന്ത്രി കൈമാറിയത്. രണ്ട് വർഷത്തിലധികമായി നികത്തപ്പെടാത്ത ഒഴിവുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകിയിട്ടില്ല. റിക്രൂട്ട്‌മെന്റ് വൈകുന്നതിനുള്ള കാരണം വ്യക്തമാക്കുന്നതിന് പകരം, പരീക്ഷ നടത്തിപ്പ് സങ്കീർണമാണെന്ന ന്യായീകരണമാണുള്ളത്.
നിലവിൽ 1.61 ലക്ഷം തസ്‌തികകളിൽ നിയമനം നടക്കുന്നുണ്ടെന്ന് പറയുമ്പോഴും, എത്ര തസ്‌തിക ഒഴിച്ചിട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കിയിട്ടില്ല. തുടർച്ചയായ അപകടങ്ങളും സുരക്ഷാ വീഴ്‌ച്ചകളും ജീവനക്കാരുടെ കുറവുകൊണ്ടാണെന്ന വസ്‌തുത നിലനിൽക്കെ, ഒഴിവുകളുടെ കണക്ക് പോലും വെളിപ്പെടുത്താത്ത കേന്ദ്രത്തിന്റെ നിലപാട് അപഹാസ്യമാണെന്ന് കെ രാധാകൃഷ്‌ണൻ എംപി പറഞ്ഞു.










0 comments