ഉച്ചത്തിലുള്ള ഫോൺ സംഭാഷണത്തിനും പാട്ടുകൾക്കും വിലക്ക്; പിഴയും തടവുശിക്ഷയും, റെയിൽവേയുടെ പുതിയ ഉത്തരവ്

ന്യൂഡൽഹി: ട്രെയിനുകളിലും സ്റ്റേഷനുകളിലും ഫോണിൽ ഉച്ചത്തിൽ സംസാരിക്കുന്നതിനും സ്പീക്കറിൽ പാട്ടോ വീഡിയോകളോ കേൾക്കുന്നതിനും പിഴയും തടവുശിക്ഷയും. ദക്ഷിണ റെയിൽവേ പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം, ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഉച്ചത്തിൽ ഫോൺ കോളുകൾ ചെയ്യുന്നതും സ്പീക്കർ മോഡിൽ പാട്ടോ വീഡിയോകളോ പ്ലേ ചെയ്യുന്നതും 1000 രൂപ വരെ പിഴയോ, ആറുമാസം വരെ തടവോ, അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്.
ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക ഭാഷകളിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാൻ ഡിവിഷനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. യാത്രക്കാർ പാട്ടോ വീഡിയോയോ സ്പീക്കറിൽ വെക്കുന്നതോ ഉച്ചത്തിൽ സംസാരിക്കുന്നതോ ഒഴിവാക്കണമെന്നും, ആവശ്യമെങ്കിൽ ഇയർഫോണുകൾ ഉപയോഗിക്കണമെന്നും അനൗൺസ്മെന്റിൽ ഓർമിപ്പിക്കും.
റെയിൽവേ ആക്ട് സെക്ഷൻ 145 പ്രകാരമാണ് നടപടി സ്വീകരിക്കുന്നത്. ടിക്കറ്റ് എക്സാമിനർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർക്ക് 1000 രൂപ വരെ പിഴ ഈടാക്കാം. മുന്നറിയിപ്പ് അവഗണിച്ച് വീണ്ടും ശല്യമുണ്ടാക്കുന്നവർക്ക് ആറുമാസം വരെ തടവുശിക്ഷയും ലഭിച്ചേക്കാം. ഇത് ആവർത്തിക്കുന്നവർക്ക് 6 മാസം വരെ തടവുശിക്ഷയും 5,000 രൂപ വരെ പിഴയും നേരിടേണ്ടി വരും.
ഒക്ടോബർ 20നകം ഇത് നടപ്പിലാക്കിയതിന്റെ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. യാത്രക്കാരുടെ സൗകര്യവും സ്വസ്ഥതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ദക്ഷിണ റെയിൽവേ ഈ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.








0 comments