വിദേശ രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരങ്ങൾ കൈമാറിയെന്ന് സംശയം; സൈനികന്റെ ഭാര്യയ്ക്കെതിരെ കേസ്

ശ്രീനഗർ : വിദേശ രഹസ്യാന്വേഷണ ഏജൻസികൾക്ക് നയതന്ത്ര വിവരങ്ങൾ കൈമാറിയെന്ന് ആരോപിച്ച് സൈനികന്റെ ഭാര്യക്കെതിരെ കേസെടുത്തു. അതീവ പ്രാധാന്യമുള്ള വിവരങ്ങൾ ശേഖരിക്കുകയും അവ വിദേശ രഹസ്യാന്വേഷണ ഏജൻസികൾക്ക് കൈമാറുകയും ചെയ്തുവെന്നാരോപിച്ചാണ് നടപടിയെന്ന് ജമ്മു പൊലീസ് അറിയിച്ചു. ജമ്മുവിലെ ഗാന്ധി നഗർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
തെലങ്കാന സ്വദേശിനിയായ യുവതി ജമ്മുവിൽ ഗവേഷണത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനിടെ വിദേശ ഏജന്റുമാർ അക്കാദമിക് വിദഗ്ധരെന്ന വ്യാജേന ഇവരെ സമീപിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. സൈനിക, പ്രതിരോധ, തന്ത്രപ്രധാന വിഷയങ്ങളിൽ വിവരങ്ങൾ തയ്യാറാക്കാൻ ഇവർ യുവതിയോട് ആവശ്യപ്പെട്ടതായും പൊലീസ് സംശയിക്കുന്നു.
വിദേശ ഏജന്റുമാരുടെ യഥാർഥ ഉദ്ദേശ്യം മനസ്സിലാക്കാതെയാകാം യുവതി അവരുമായി ബന്ധപ്പെട്ടതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ശേഖരിക്കുകയോ വിദേശ ഏജന്റുമാർക്ക് കൈമാറുകയോ ചെയ്തിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. എന്തൊക്കെ വിവരങ്ങളാണ് ശേഖരിച്ചതെന്നോ കൈമാറിയെന്നോ പൊലീസ് വ്യക്തമാക്കിയിട്ടില്ല. കേസിലെ പ്രത്യേക കുറ്റങ്ങൾ സംബന്ധിച്ച വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. അന്വേഷണം തുടരുകയാണ്.









0 comments