നാല് പേര്‍ കൊല്ലപ്പെട്ടു, 19 പേര്‍ ഗുരുതരാവസ്ഥയിൽ
സൈനിക പരിശീലനത്തിനിടെ കാട്ടുതീ; അട്ടിമറി സാധ്യത തള്ളി കാനഡ

എഡ്മണ്ടൻ: അൽബർട്ടയിലെ സൈനിക താവളത്തിൽ യുദ്ധ പരിശീലനത്തിനിടെ കാട്ടുതീ പടര്‍ന്ന് നാല് ഭടൻമാര്‍ കൊല്ലപ്പെടുകയും 39 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തതിൽ അട്ടിമറി സാധ്യത തള്ളി കാനഡ. പൊള്ളലേറ്റ 19 പേര്‍ ഗുതുരാവസ്ഥയിൽ തുടരുകയാണ്. എഡ്മണ്ടൻ ആസ്ഥാനമായുള്ള 'പ്രിൻസസ് പാട്രിഷ്യയുടെ കനേഡിയൻ ലൈറ്റ് ഇൻഫെൻട്രി'യുടെ മൂന്നാം ബറ്റാലിയനിലെ ചാർലി കമ്പനിയിലെ ഭടൻമാരാണ് ദുരത്തിൽ അകപ്പെട്ടത്. അടുത്ത കാലത്തെ ഏറ്റവും വലിയ ദുരന്തമെന്ന്
പ്രധാനമന്ത്രി മാർക്ക് കാർണി വിശേഷിപ്പിച്ചു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറിക്കോ ഭീകരാക്രമണങ്ങൾക്കോ സാധ്യതയുള്ളതായി കരുതുന്നില്ലെന്നും പറഞ്ഞു.
ഗ്രനേഡ് റേഞ്ചിലും ശത്രുതാവളങ്ങൾ ആക്രമിക്കുന്നത് പരിശീലിക്കുന്ന മറ്റൊരു പ്രദേശത്തുമായി ഏകദേശം 84 സൈനികർ വിന്യസിക്കപ്പെട്ടിരുന്നു. ഇതിനിടെ തീ പടര്‍ന്നു. നിയന്ത്രണ വിധേയമായതോടെ പരിശീലനം തുടര്‍ന്നു. പെട്ടെന്ന് കാറ്റിന്റെ ഗതി മാറി. ഇതോടെ തീ സൈനികർ നിലയുറപ്പിച്ച ഭാഗത്തേക്ക് എത്തുകയായിരുന്നു എന്ന് മേജർ ജനറൽ വെയ്ഡ് റട്ട്‌ലാൻഡ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. "തീപിടിത്തം ഒരു കിലോമീറ്റർ അകലെയായിരുന്നപ്പോഴാണ് കാറ്റിന്റെ ദിശ മാറിയത്. ഒരു തീപിടിത്തം 36 സെക്കൻഡിനുള്ളിൽ ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നത് സാധാരണയല്ല," അദ്ദേഹം വിശദമാക്കി.
യഥാർത്ഥ കാരണം കണ്ടെത്താൻ സൈനിക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഈ വാരാന്ത്യത്തിൽ നടക്കാനിരുന്ന അൽബർട്ടയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഹിതപരിശോധനയുടെ വോട്ടിംഗിനെയും ദുരന്തം ബാധിച്ചു. വെയ്ൻറൈറ്റിലെ മുൻകൂർ പോളിംഗ് കേന്ദ്രം ശനിയാഴ്ച നേരത്തെ അടച്ചുപൂട്ടി. വോട്ടിംഗ് വസ്തുക്കൾ മാറ്റേണ്ടി വന്നു.









0 comments