16കാരി സ്പായിൽ പീഡിപ്പിക്കപ്പെട്ട സംഭവം; ബാലാവകാശ കമീഷൻ കേസെടുത്തു

തിരുവനന്തപുരം : തിരുവനന്തപുരം കോവളത്ത് ആന്ധ്രാ സ്വദേശിയായ 16കാരി സ്പായിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ അംഗം ഡോ. എഫ് വിൽസൺ ആണ് കേസെടുത്തത്. ജില്ലാ പൊലീസ് മേധാവി, തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
ആന്ധ്രാസ്വദേശിയായ 16കാരിയെ സ്‌പായിലെത്തിച്ച് ലൈംഗികചൂഷണം ചെയ്ത കേസിൽ കോവളത്തെ ‘കേരള സ്‌പാ’ ഉടമ ആലപ്പുഴ മാവേലിക്കര നൂറനാട് പടനളം ശിവക്ഷേത്രത്തിനുസമീപം നടുവിലെമുറി നയനവീട്ടിൽ സജിത്ത് കുമാർ (47), ‘ഡ്രീംസ് സ്പാ’ ഉടമ പൂവാർ ആശുപത്രി ജങ്‌ഷൻ സാഫല്യംവീട്ടിൽ എം എസ് നിശാന്ത് (46) എന്നിവരെയാണ് കോവളം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
അച്ഛനും അമ്മയുമില്ലാത്ത പെൺകുട്ടിയെ ഇതേ സ്‌പാകളിൽ ജീവനക്കാരായ ചെറിയമ്മയും ഭർത്താവുമാണ് സ്‌പാ ഉടമകൾക്ക് കൈമാറിയത്. ഇരുവരും അനാശാസ്യപ്രവൃത്തികൾക്ക് നേതൃത്വം നൽകുന്നവരാണെന്നും പൊലീസ് പറഞ്ഞു. ചൂഷണം സഹിക്കാതെയായപ്പോൾ പെൺകുട്ടി സ്‌പായിൽവച്ച് പരിചയപ്പെട്ട നെയ്യാറ്റിൻകര സ്വദേശിയോടൊപ്പം രക്ഷപ്പെട്ടു. ചെറിയമ്മ കുട്ടിയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി. കുട്ടിയെ പൊലീസ് കണ്ടെത്തി കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. ചെറിയമ്മയും ഭർത്താവും ഒളിവിലാണ്.
സ്പാകളിൽ ഒരു ഹെൽത്ത് ഇൻസ്പെക്ടർക്ക് ബിനാമി ഇടപാട് ഉള്ളതായും സംശയമുണ്ട്. ഇയാളുടെ ഫോണിലേക്ക് പ്രതികൾ നിരന്തരം വിളിച്ചതിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും വിവരമുണ്ട്. ചെറിയമ്മ ചെന്നൈയിലും സ്പാകളിലെത്തിച്ച് തന്നെ ലൈംഗികചൂഷണം നടത്തിയിരുന്നതായും പെൺകുട്ടിയുടെ മൊഴിയിലുണ്ട്.









0 comments