ad
Deshabhimani

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തകർച്ചയിലോ? പ്രധാന മേഖലകളിൽ വൻ ഇടിവ്

Indian Economy

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Apr 22, 2026, 07:19 PM | 2 min read

ന്യൂഡൽഹി : പശ്ചിമേഷ്യയിലെ യുദ്ധപ്രതിസന്ധിയും കേന്ദ്ര സർക്കാരിന്റെ മുൻകരുതലില്ലാത്ത സാമ്പത്തിക നയങ്ങളും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ വൻ തകർച്ചയിലേക്ക് നയിക്കുന്നതായി റിപോർട്ടുകൾ. രാജ്യത്തെ എട്ട് പ്രധാന മേഖലകളുടെ വളർച്ചാ സൂചിക മാർച്ചിൽ 0.4 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 19 മാസത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണിത്.


കേന്ദ്ര സർക്കാർ കൊട്ടിഘോഷിക്കുന്ന 'കുതിക്കുന്ന ഇന്ത്യ' എന്ന വാദം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ഏറ്റവും പുതിയ സാമ്പത്തിക സൂചികകൾ. കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, പെട്രോളിയം ഉല്പന്നങ്ങൾ, വളം, സ്റ്റീൽ, സിമന്റ്, വൈദ്യുതി എന്നീ എട്ട് പ്രധാന മേഖലകളിൽ നാലെണ്ണം തകർച്ച നേരിട്ടു, ഒരെണ്ണം മാറ്റമില്ലാതെ തുടർന്നു, രണ്ടെണ്ണത്തിൽ കടുത്ത മാന്ദ്യം പ്രകടമായി.


യുദ്ധം മൂലം ഇറക്കുമതി തടസപ്പെട്ടതും ഇന്ധനക്ഷാമവുമാണ് ഉൽപാദന മേഖലയെ തളർത്തിയത്. എട്ട് പ്രധാന മേഖലകളിൽ നാലെണ്ണവും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഏറ്റവും വലിയ തകർച്ച നേരിട്ടത് വളം മേഖലയിലാണ്. ആഭ്യന്തര പ്രകൃതിവാതക മേഖല 6.4 ശതമാനം എന്ന താരതമ്യേന മികച്ച വളർച്ച രേഖപ്പെടുത്തിയപ്പോൾ, 2026 മാർച്ചിൽ വളം മേഖല 24.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. പ്രകൃതിവാതക ഇറക്കുമതിയിലുണ്ടായ തടസമാണ് ഇതിന് പ്രധാന കാരണം. എൽ നിനോ പ്രഭാവം മൂലം കാലവർഷം കുറയുമെന്ന പ്രവചനങ്ങൾ നിലനിൽക്കെ വളം ഉൽപാദനത്തിലെ ഈ വൻ ഇടിവ് രാജ്യത്തെ കാർഷിക മേഖലയെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയും കടുത്ത പട്ടിണിയിലേക്കും പ്രതിസന്ധിയിലേക്കും തള്ളിവിടും.


സ്റ്റീൽ, സിമന്റ് ഉൽപാദനത്തിലുണ്ടായ കുറവ് രാജ്യത്തെ നിർമാണ പ്രവർത്തനങ്ങളെയും തൊഴിൽ മേഖലയെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഊർജ മേഖലയിൽ കൽക്കരി, ക്രൂഡ് ഓയിൽ, വൈദ്യുതി തുടങ്ങിയവയുടെ മോശം പ്രകടനം വ്യാവസായിക ഉൽപാദനത്തെയാകെ നിശ്ചലമാക്കി. ഇതോടെ 2025-26 സാമ്പത്തിക വർഷത്തിലെ രാജ്യത്തിന്റെ വളർച്ചാ നിരക്ക് കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തുകയാണ്.


മാനുഫാക്ചറിംഗ് പിഎംഐ കണക്കുകൾ പ്രകാരം പുതിയ ഓർഡറുകൾ കുറയുന്നത് ഉൽപാദന മേഖലയിലെ തകർച്ചയുടെ ആഴം വ്യക്തമാക്കുന്നു. പണപ്പെരുപ്പം കുതിച്ചുയരുന്നതും സാധാരണക്കാരുടെ യഥാർഥ വരുമാനത്തിൽ വർധനവ് ഇല്ലാത്തതും ജനജീവിതം ദുസഹമാണെന്നതിന്റെ സൂചനയാണ്. വിദേശ നിക്ഷേപത്തിന്റെ വരവ് നിലച്ചതും ആഗോള വിപണിയിലെ തിരിച്ചടികളും നേരിടാൻ കേന്ദ്ര സർക്കാരിന്റെ പക്കൽ കൃത്യമായ പദ്ധതികളില്ല.


രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് ബാഹ്യഘടകങ്ങളെ പഴിചാരി രക്ഷപെടാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. എന്നാൽ ഈ പ്രതിസന്ധി തുടരുന്നത് സമ്പദ്‌വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് കുറഞ്ഞ പണപ്പെരുപ്പവും വിദേശ നിക്ഷേപവും ഒരു പരിധിവരെ തുണച്ചിരുന്നു. നോട്ടുനിരോധനം ഉൾപ്പെടെയുള്ള ജനവിരുദ്ധവും വിനാശകരവുമായ നയങ്ങൾ രാജ്യത്തെ കൂടുതൽ സാമ്പത്തികമായി പ്രതിസന്ധിയിലാക്കി. എന്നാൽ പഴയ അനുകൂല രാഷ്ട്രീയ തരംഗങ്ങൾ കൊണ്ട് മാത്രം മറികടക്കാനാകാത്ത വിധം രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഇപ്പോൾ തകരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home