അപഹരിക്കപ്പെടുന്ന ജനാധിപത്യം ; നീതിപീഠം പോലും സംഘപരിവാർ ഭീഷണിയിൽ

എം പ്രശാന്ത്
Published on Aug 15, 2025, 01:20 AM | 1 min read
ന്യൂഡൽഹി
സ്വാതന്ത്ര്യം ജനങ്ങൾ തിരിച്ചറിയുന്നത് തന്നെ തുല്യതയിലുള്ള സമ്മതിദാന അവകാശത്തിലൂടെയാണ്. മോദി ഭരണത്തിൽ ആ സ്വാതന്ത്ര്യം പോലും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. സ്വതന്ത്രവും നിഷ്‌പക്ഷവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് സംവിധാനമാണ് ജനാധിപത്യത്തിന്റെ അടിത്തറ. എന്നാൽ അതിന്റെ വിശ്വാസ്യത സംശയനിഴലിലാണ്. "വോട്ടുമോഷണ'ത്തിന്റെ കണക്കുകള്‍ പുറത്തുവന്നതോടെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജനവിധി അട്ടിമറിച്ചാണോ നരേന്ദ്ര മോദി മൂന്നാമതും അധികാരത്തിലെത്തിയതെന്ന ചോദ്യം ശക്തമായി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ബിജെപിയുടെ ബി ടീമിനെപോലെയാണ് പ്രവര്‍ത്തിക്കുന്നത്. പ്രതിപക്ഷ പാർടികളോടുള്ള കമീഷന്റെ സമീപനം ശത്രുതാപരമായി മാറി. സുകുമാർ സെന്നിനെയും ടി എൻ ശേഷനെയും എസ് വൈ ഖുറേഷിയെയും പോലുള്ളവർ നയിച്ച കമീഷൻ നിലവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വിശ്വസ്‌തരാൽ കുത്തിനിറയ്‌ക്കപ്പെട്ടു. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ അമിത് ഷായുടെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടി.
മുഖ്യതെരഞ്ഞെടുപ്പ് കമീഷണറെയും തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിനായി പ്രധാനമന്ത്രിയും പ്രതിക്ഷ നേതാവും സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസും ഉൾപ്പെട്ട സമിതിക്ക് സുപ്രീംകോടതി രൂപം നൽകിയിരുന്നു. ഇതു മറികടക്കാനായി അതിവേഗം നിയമനിർമാണം നടത്തിയ മോദി സർക്കാർ സമിതിയിൽ നിന്ന് ചീഫ്‌ജസ്‌റ്റിസിനെ നീക്കി. പകരം പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന കേന്ദ്രമന്ത്രിസഭാംഗം എന്ന ഭേദഗതി കൊണ്ടുവന്നു. നിലവിലെ സമിതിയിൽ മോദിക്കും രാഹുൽ ഗാന്ധിയ്‌ക്കുമൊപ്പം അമിത് ഷായാണുള്ളത്.
ബിഹാറിൽ കമീഷൻ തിടുക്കത്തിൽ നടപ്പാക്കുന്ന വോട്ടർപ്പട്ടികയുടെ തീവ്രപുനഃപരിശോധന സംശയാസ്‌പദമാണ്. പൗരത്വവുമായി ബന്ധപ്പെടുത്തിയുള്ള തീവ്രപുനഃപരിശോധനയ്‌ക്ക് ശേഷം കമീഷൻ പുറത്തുവിട്ട കരടുവോട്ടർപ്പട്ടികയിൽ നിന്ന് 65 ലക്ഷം പേരാണ് പുറത്താക്കപ്പെട്ടത്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ പോലും കമീഷൻ കൂട്ടാക്കിയില്ല. ഒടുവിൽ സുപ്രീംകോടതിക്ക് ഇടപെടേണ്ടിവന്നു.
ബിഹാറിലെ കരടു വോട്ടർപ്പട്ടികയിലെ അപാകതകൾ ഒന്നൊന്നായി പുറത്തുവന്നതോടെ വെബ്സൈറ്റിൽ പട്ടികയുടെ വായനാക്ഷമമായ പകർപ്പ് കമീഷൻ നീക്കം ചെയ്‌തു. സ്‌കാൻ ചെയ്‌ത പകർപ്പാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. പോളിങ് കഴിഞ്ഞ് വൈകാതെ തന്നെ വോട്ടുകണക്കുകൾ പുറത്തുവിടുന്ന രീതിയാണ് 2019 വരെ കമീഷൻ പിന്തുടർന്നിരുന്നത്. നിലവിൽ കൃത്യമായ വോട്ടുകണക്കുകൾ പലപ്പോഴും ആഴ്‌ചകൾക്കും മാസങ്ങൾക്കും ശേഷമാണ് പുറത്തുവിടുന്നത്.










0 comments