ad
Deshabhimani

ബംഗാൾ എസ്ഐആർ

ഭരണഘടനാ ചിത്രകാരൻ നന്ദലാൽ ബോസിന്റെ ചെറുമകനും ഭാര്യയും വോട്ടർ പട്ടികയ്ക്ക് പുറത്ത്

suprabudha sen deepa sen

സുപ്രബുദ്ധ സെൻ, ദീപ സെൻ (Photo Credit: INDIA TODAY)

വെബ് ഡെസ്ക്

Published on Apr 06, 2026, 08:01 PM | 1 min read

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയുടെ യഥാർഥ കൈയെഴുത്തുപ്രതിയിൽ ഇന്ത്യൻ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും നേർചിത്രങ്ങൾ വരച്ചുചേർത്ത ചിത്രകാരൻ നന്ദലാൽ ബോസിന്റെ കുടുംബാംഗങ്ങൾ വോട്ടർ പട്ടികയിൽ നിന്ന് പുറത്ത്. പശ്ചിമ ബംഗാളിൽ നടന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്‌ഐആർ) നടപടികളിലാണ് നന്ദലാൽ ബോസിന്റെ ചെറുമകൻ സുപ്രബുദ്ധ സെൻ (88), ഭാര്യ ദീപ സെൻ (82), കുടുംബാംഗമായ ചക്രധർ നായക് എന്നിവരുടെ പേരുകൾ നീക്കം ചെയ്യപ്പെട്ടത്.


ശാന്തിനികേതനിലെ പൂർവ്വിക വീട്ടിൽ 1996 മുതൽ സ്ഥിരതാമസക്കാരായ ഇവർ 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്തിയിരുന്നു. സിന്ധുനദീതട സംസ്കാരം മുതൽ ദണ്ഡി യാത്ര വരെയുള്ള 22 ചരിത്ര മുഹൂർത്തങ്ങൾ ഭരണഘടനയിൽ ദൃശ്യാവിഷ്കരിച്ച മഹാനായ കലാകാരന്റെ പിന്മുറക്കാർക്ക് ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാനുള്ള അവസരം നിഷേധിക്കപ്പെട്ടത് വലിയ വിവാദങ്ങൾക്ക് കാരണമായി.


വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെതിരെ സുപ്രബുദ്ധ സെൻ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടർന്ന്, പരാതിയുമായി അപ്പീൽ ട്രിബ്യൂണലിനെ സമീപിക്കാൻ കോടതി അനുമതി നൽകി. വിഷയത്തിൽ അടിയന്തരമായി തീരുമാനമെടുക്കാൻ ട്രിബ്യൂണലിനോട് നിർദ്ദേശിച്ച കോടതി, ഇതിനായി തെരഞ്ഞെടുപ്പ് കമീഷന്റെ പൂർണ്ണ സഹകരണം ഉറപ്പാക്കി.


പശ്ചിമ ബംഗാളിലെ 19 അപ്പീൽ ട്രിബ്യൂണലുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും നടപടിക്രമങ്ങളിൽ ഏകീകൃതത ഉറപ്പാക്കുന്നതിനും മൂന്ന് മുൻ ജഡ്ജിമാരുടെ സമിതി രൂപീകരിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. വിധിനിർണ്ണയ ഉദ്യോഗസ്ഥർ നൽകിയ കാരണങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ രേഖകളും ട്രിബ്യൂണലുകൾ പുനഃപരിശോധിക്കണമെന്നും ജഡ്ജിമാരുടെ ഓണറേറിയം ഉൾപ്പെടെയുള്ള ഭരണപരമായ കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കണമെന്നും കോടതി ഉത്തരവിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home