'കേന്ദ്രത്തിന്റെ അവഗണനയും വഞ്ചനയും തെരഞ്ഞെടുപ്പിലെ തോൽവി ഉറപ്പാക്കിയതിനാൽ'; ബജറ്റിനെതിരെ എംകെ സ്റ്റാലിൻ

ചെന്നൈ: രണ്ടാം മോദി സർക്കാരിന്റെ 2026-ലെ കേന്ദ്ര ബജറ്റ് തമിഴ്‌നാടിനെ പൂർണ്ണമായും അവഗണിച്ചുവെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായത് വഞ്ചനയാണെന്നാണ് അദ്ദേഹം ബജറ്റിനോട് പ്രതികരിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തിൽ തമിഴ്‌നാടിനായി പ്രത്യേക പദ്ധതികൾ പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ തെരഞ്ഞെടുപ്പിലെ തോൽവി മുൻകൂട്ടി മനസിലായതുകൊണ്ടാണ് ഈ അവഗണനയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര നികുതി വിഹിതം നിലവിലുള്ള 41 ശതമാനത്തിൽ നിന്നും 50 ശതമാനമായി ഉയർത്തണമെന്ന തമിഴ്‌നാടിന്റെ ദീർഘകാല ആവശ്യം കേന്ദ്രം തള്ളി. വികസിത സംസ്ഥാനങ്ങളെ കേന്ദ്രം ശിക്ഷിക്കുകയാണെന്നും തമിഴ്‌നാടിന് വർഷം തോറും 5,000 കോടി രൂപയുടെ നഷ്ടം ഇതിലൂടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജൽ ജീവൻ മിഷൻ, പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന തുടങ്ങിയ സുപ്രധാന പദ്ധതികളുടെ വിഹിതം വലിയ തോതിൽ കുറച്ചത് തമിഴ്‌നാടിനെ പ്രതികൂലമായി ബാധിക്കും. തമിഴ്‌നാട്ടിൽ ബിജെപിക്ക് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായതിനാലാണ് കേന്ദ്രം ഇത്തരമൊരു 'ചിറ്റമ്മ നയം' സ്വീകരിക്കുന്നതെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി.
ഭാഷാ നയം നടപ്പിലാക്കാത്തതിന്റെ പേരിൽ തമിഴ്‌നാടിന് ലഭിക്കേണ്ട വിദ്യാഭ്യാസ ഫണ്ട് തടഞ്ഞുവെച്ചതിനെയും അദ്ദേഹം വിമർശിച്ചു. ബജറ്റ് പ്രസംഗത്തിൽ പതിവായി ഉൾപ്പെടുത്താറുള്ള തിരുക്കുറൾ പോലും ഇത്തവണ ധനമന്ത്രി ഒഴിവാക്കിയെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
അതേസമയം, കോയമ്പത്തൂർ-മധുര മെട്രോ റെയിൽ പദ്ധതി, മധുര എയിംസ് തുടങ്ങിയവയ്ക്കുള്ള ഫണ്ട് അനുവദിക്കാത്തതിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
എന്നാൽ ബജറ്റ് വികസനരേഖയാണെന്നും തമിഴ്‌നാടിന്റെ വ്യവസായ കുതിപ്പിന് ഇത് സഹായിക്കുമെന്നുമാണ് തമിഴിസൈ സൗന്ദരരാജൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ വാദം.










0 comments